അതിരപ്പിള്ളി: ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങൾ എത്തുന്നത് തടയാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന വിവിധ ഉദ്യോഗസ്ഥ മേധാവികളുടേയും ജനപ്രതിനിധികളുടേയും യോഗം കർമ്മ പരിപാടികൾ ആവിഷ്‌ക്കരിച്ചു. പഞ്ചായത്ത് കാര്യാലയത്തിൽ പ്രസിഡന്റ് കെ.കെ.റിജേഷിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ആനകൾ കാട്ടിൽ നിന്നിറങ്ങുന്നതിന് തടയിടാൻ ഫെൻസിംഗ് പൂർത്തീകരണം വേണമെന്ന ആവശ്യമാണ് പ്രധാനമായും അംഗീകരിച്ചത്. ഇതുവരേയും ഫെൻസിംഗ് ഇല്ലാത്ത കണ്ണൻകുഴി, പിള്ളപ്പാറ എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുക. വനത്തിൽ നിന്നും വെള്ളം കുടിക്കുന്നതിന് ഇറങ്ങുന്ന ആനകളെ മറ്റിടങ്ങളിലേക്ക് കടത്തി വിടാതിരിക്കാൻ ആനത്താരകൾ കേന്ദ്രീകരിച്ച് വനം വകുപ്പ് ഉദ്യോസ്ഥരുടെ നിരീക്ഷണവുമുണ്ടാകും. മൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനത്തിനായി പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ വാർഡ് സമിതികളും രൂപീകരിക്കും. കുരങ്ങുകൾ റോഡിലെത്തി അപകടങ്ങൾ സൃഷ്ടിക്കുന്നത് കുറയ്ക്കുന്നതിനും ശ്രമങ്ങൾ നടത്തും. വഴിയരികിലെ മരങ്ങളുടെ ശിഖിരങ്ങൾ വെട്ടിമാറ്റി ഇവിടെ ചാട്ടവും അഭ്യാസങ്ങളും ഇല്ലാതാക്കുകയാണ് ലക്ഷ്യം. വനം വകുപ്പ്, പ്ലാന്റേഷൻ ഉദ്യോഗസ്ഥർ, പൊലീസ് എന്നീ വിഭാഗങ്ങൾ യോഗത്തിൽ സംബന്ധിച്ചു. വന്യ മൃഗങ്ങളുടെ ശല്യം അനുഭവിക്കുന്ന നാട്ടുകാരുടെ പ്രതിനിധികളും പങ്കെടുത്തു.