തൃശൂർ: നഗരത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരം ഏർപ്പെടുത്തിയ ഗതാഗത പരിഷ്‌ക്കാരത്തിനെതിരെ പരസ്യ പ്രതിഷേധത്തിന് വ്യാപാരികൾ. പോസ്റ്റ് ഓഫീസ് റോഡിലെ വൺവേ നിയന്ത്രണത്തിനെതിരെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ നിയോജകമണ്ഡലം കമ്മിറ്റി രംഗത്തെത്തിയിട്ടുള്ളത്. പോസ്റ്റ് ഓഫീസ് റോഡിലെ വ്യാപാരികൾ ഇന്ന് ഉച്ചവരെ കടകളടച്ച് പ്രതിഷേധിക്കും. എം.ഒ റോഡിൽ പ്രതിഷേധ യോഗവും ചേരും.
ഇക്കഴിഞ്ഞ നവംബർ ഒന്ന് മുതലാണ് പോസ്റ്റ് ഓഫീസ് റോഡിനെ വൺവേ ആക്കിയുള്ള ഗതാഗത പരിഷ്‌കാരം നടപ്പാക്കിയത്. നേരത്തെ പട്ടാളം റോഡിൽ ഒറ്റവരി ഗതാഗതം നടപ്പാക്കിയതിൽ പൊലീസിനെതിരെ കോർപറേഷൻ രംഗത്ത് വന്നിരുന്നു. പിന്നീട് ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം പട്ടാളം റോഡിൽ നിന്നും ഇരുവശത്തേക്കും ഗതാഗതം അനുവദിക്കുകയും പോസ്റ്റ് ഓഫീസ് റോഡിനെ വൺവേ ആക്കി പുതിയ ട്രാഫിക് പരിഷ്‌കാരം നിശ്ചയിക്കുകയുമായിരുന്നു.