badhaഅജ്ഞാത വൈറസ് ബാധിച്ച പാടശേഖര പ്രദേശങ്ങൾ സി.സി. മുകുന്ദൻ എം.എൽ.എയും ജനപ്രതിനിധികളും സന്ദർശിക്കുന്നു.

ചേർപ്പ്: ചേർപ്പ്, അന്തിക്കാട് ബ്ലോക്ക്പഞ്ചായത്ത് പരിധിയിലെ പാടശേഖരങ്ങളിൽ അജ്ഞാത വൈറസ് ബാധയേറ്റ കൃഷിസ്ഥലങ്ങൾ സി.സി. മുകുന്ദൻ എം.എൽ.എ, ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷക സംഘടനാ പ്രതിനിധികൾ എന്നിവർ സന്ദർശിച്ചു. ചാഴൂർ പഞ്ചായത്തിലെ പൊറുത്തൂർ - ആലപ്പാട് എന്നിവയും പാറളം പഞ്ചായത്തിലെ പള്ളിപ്പുറം - ആലപ്പാട് പടവുകളിലായി 400 ഏക്കറോളം വിളഞ്ഞ നെൽക്കൃഷിയാണ് നശിച്ചിട്ടുള്ളത്. കൃഷി മന്ത്രി പി. പ്രസാദ്, റവന്യു മന്ത്രി കെ. രാജൻ എന്നിവരോട് വൈറസ് ബാധയെക്കുറിച്ച് വിവരം നൽകിയതായി എം.എൽ.എ പറഞ്ഞു. രോഗ പകർച്ച തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.സി. മുകുന്ദൻ എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രതിനിധികൾ കൃഷി മന്ത്രിക്ക് നിവേദനം നൽകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ജെറി ജോസഫ്, കെ.വി. ഇന്ദുലാൽ, മിനി വിനയൻ, സിബി സുരേഷ്, ജയിംസ് പി. പോൾ, കെ. പ്രമോദ് തുടങ്ങിയവർ പാടശേഖര പ്രദേശങ്ങൾ സന്ദർശിച്ചു.