എടത്തിരുത്തി - മധുരംപിള്ളി - ചെന്ത്രാപ്പിന്നി റോഡ്
കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിലെ എടത്തിരുത്തി - മധുരംപിള്ളി - ചെന്ത്രാപ്പിന്നി റോഡ് നവീകരിക്കുന്നു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഉൾപ്പെടുത്തി ആധുനിക സംവിധാനങ്ങളോടെ മെക്കാർഡം ടാറിംഗ് ഉപയോഗിച്ചാണ് നവീകരണം. 4.2 കിലോമീറ്റർ നീളവും 8 മീറ്റർ വീതിയിലുമാണ് റോഡ് നിർമ്മിക്കുക. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി.
ഡിസംബർ അവസാനത്തോടെ കരാർ നടപടികൾ പൂർത്തിയാക്കി ജനുവരിയിൽ നിർമ്മാണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. പ്രവൃത്തി തുടങ്ങുന്നതിന് റോഡിന്റെ അതിർത്തി നിശ്ചയിച്ച് നൽകുന്നതിനായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജനകീയ സംഘാടക സമിതി രൂപീകരിച്ചു. എടത്തിരുത്തി പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെന്ത്രാപ്പിന്നി, എടത്തിരുത്തി വില്ലേജ് അടിസ്ഥാനത്തിൽ ജനകീയ കമ്മിറ്റികൾ രൂപീകരിക്കുന്നതിനും വാർഡ് തലത്തിൽ കർമ്മ സമിതികൾ രൂപീകരിക്കുന്നതിനും തീരുമാനമായി.
ബെന്നി ബെഹനാൻ എം.പി, ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ എന്നിവർ രക്ഷാധികാരികളായ പഞ്ചായത്ത് തല ജനകീയ സമിതി രൂപീകരിച്ചു. 3, 4, 5, 7, 11, 13, 14 എന്നീ വാർഡുകളിൽ മെമ്പർമാരുടെ നേതൃത്വത്തിൽ കർമ്മ സമിതികൾ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ അസ്വ. വി.കെ. ജ്യോതിപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.കെ. ഫൽഗുണൻ, നൗമി പ്രസാദ്, വി.എസ്. ജിനേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിൽഷ സുധീർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വാസന്തി തിലകൻ, വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.
റോഡ് : 4.2 കിലോമീറ്റർ നീളത്തിലും 8 മീറ്റർ വീതിയിലുമാണ് നിർമ്മാണം
മെക്കാർഡം ടാറിംഗ് രീതി