ചാലക്കുടി: പരിയാരം, മേലൂർ പഞ്ചായത്തുകളിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഈച്ചകളെക്കുറിച്ച് പഠിക്കുന്നതിന് ഉദ്യോഗസ്ഥ സംഘമെത്തി. പരിയാരത്ത് കെ.എഫ്.ആർ.ഐ വിഭാഗവും മേലൂരിൽ ജില്ലാ വക്ടർ കൺട്രോൾ യൂണിറ്റ് അധികൃതരുമാണ് പരിശോധനയ്‌ക്കെത്തിയത്. ഈച്ചകളെ ജീവനോടെ പിടികൂടിയ ഇരുസംഘങ്ങളും വിദഗ്ദ്ധ പഠനത്തിനായി കൊണ്ടുപോവുകയും ചെയ്തു. പരിയാരത്തു നിന്നും ശേഖരിച്ച ഈച്ചകളെ വനം വകുപ്പിന്റെ ശാസ്ത്ര വിഭാഗം ലാബിൽ പരിശോധിക്കും. ഫലം വന്നതിന് ശേഷം നടപടി നിർദ്ദേശിക്കുമെന്ന് സംഘം മേധാവി ഡോ.സജീവ് പറഞ്ഞു.
മേലൂരിൽ എത്തിയ വക്ടർ കൺട്രോൾ യൂണിറ്റ് ഉദ്യോഗസ്ഥരും ഈച്ചകളേയും ഷഡ്പദങ്ങളേയും ശേഖരിച്ചു. കോട്ടയത്തെ ഇവരുടെ ലാബിലായിരിക്കും പരിശോധന. പഞ്ചായത്ത് പ്രസിഡന്റ് മായാ ശിവദാസൻ, മെഡിക്കൽ ഓഫീസർ എസ്. രശ്മി, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എം. റീന, ജെ.എച്ച്.ഐ കെ.എം. മഞ്ചേഷ് എന്നിവരും സംഘത്തിലുണ്ടായി.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി കാണുന്ന ബാർക്ക് ലൈസ് ഇനത്തിൽപ്പെട്ടതെന്ന് കരുതുന്ന ഷഡ്പദങ്ങളേയും പരിശോധനയ്ക്ക് ശേഖരിച്ചു. ഇത്തരം ശലഭങ്ങളുടെ ആദ്യഘട്ടത്തിലുള്ള പ്രാണികളെയാണ് പലയിടത്തും കൂട്ടത്തോടെ കണ്ടുവരുന്നത്. മരത്തടികളിലെ പൂപ്പലുകൾ മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ഇവ മനുഷ്യരെ ഉപദ്രവിക്കുകയില്ല. ശത്രു കീടത്തിന്റേയും ഗണത്തിൽപെടാത്തതിനാൽ മൃഗങ്ങൾക്കും കാർഷിക വിളകൾക്കും ശല്യമുണ്ടാക്കില്ല. പരിയാരത്ത് കാണുന്നവ ബാർക്ക് ലൈസ് ഷഡ്പദങ്ങളാണോ എന്ന ഔദ്യാഗിക സ്ഥിരീകരമാണ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റ്യൂട്ട് അധികൃതരുടെ ലക്ഷ്യം. ഒപ്പം ക്ഷുദ്ര ജീവികളായി കണക്കാക്കുന്ന ഈച്ചകളുടെ ആധികാരിക സ്ഥിരീകരണവും വേണം.
പരിയാരം പഞ്ചായത്തിൽ ക്ഷുദ്ര ഈച്ചകളുടെ ആവാസം കൂടുതലുള്ള പ്രദേശങ്ങൾ കണ്ടെത്തുന്നതിന് ആശാ വർക്കർമാരെ ചുമതലപ്പെടുത്തി. ഈച്ചയുടെ കത്തേറ്റവരുടെ പട്ടികയും ഇവർ തയ്യാറാക്കും. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായാ ശിവദാസ്, വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ, സ്ഥിരം സമിതി അദ്ധ്യക്ഷ ഷീബ ഡേവിസ്, ജില്ലാ പഞ്ചായത്തംഗം ജെനീഷ്, ജെ.എച്ച്.ഐ അനിമോൻ സാമുവൽ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഈച്ചകളുടെ വ്യാപനത്തിനെതിരെ ജനകീയ ഇടപെടലുകളുണ്ടാക്കുന്ന പൊതു പ്രവർത്തകൻ എസ്. മഞ്ജുരാജും സ്ഥലത്തെത്തിയിരുന്നു.