കൊടുങ്ങല്ലൂർ: നഗരസഭ പ്രദേശമായ നാരായണമംഗലം ഉരുളികുന്നിൽ കണ്ടൽ കാടുകൾ വെട്ടിനശിപ്പിച്ച് തോടുകൾ നികത്തിയതായി ആക്ഷേപം. ഇതുമൂലം സമീപത്തെ കോളനിയിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുന്നതായി പരാതി. ഇവിടെയുള്ള ഇഷ്ടിക കമ്പനിയും അതിനോട് ചേർന്ന പരിസരത്തെ മുഴുവൻ തോടുകളും നികത്തുകയും കണ്ടൽ കാടുകൾ വെട്ടിനശിപ്പിക്കുകയുമാണെന്നാണ് പരാതി. പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ലോറിയിൽ എത്തിച്ചാണ് തോടുകൾ നികത്തുന്നതെന്ന് പറയുന്നു. തോടുകൾ നികത്തിയതോടെ മഴ പെയ്താൽ സമീപത്തെ കോളനിയിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയാണെന്ന് താമസക്കാർ പറയുന്നു. ഇതുസംബന്ധിച്ച് പുല്ലൂറ്റ് വില്ലേജ് ഓഫീസിൽ വിവരം അറിയിച്ചിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.