കൊടുങ്ങല്ലൂർ: ഒമിക്രോൺ ഭീതി മൂലം കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിൽ തിരക്കേറുന്നു. താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ രണ്ടായിരത്തോളം പേരാണ് കുത്തിവയ്പ്പിനായി തിക്കിത്തിരക്കിയത്. പൊലീസെത്തി നിയന്ത്രിച്ചത് മൂലമാണ് വലിയ ബഹളം ഒഴിവായത്.

600 പേർക്ക് കുത്തിവയ്പ്പ് നടത്തി. താലൂക്കിൽ പെരിഞ്ഞനം മാത്രമാണ് കുത്തിവയ്പ്പ് നടന്ന മറ്റൊരു സ്ഥലം. 238 പേർക്ക് ഇവിടെ കുത്തിവയ്പ്പ് നടത്തി. ദിവസവും നടന്നുവന്നിരുന്ന കുത്തിവയ്പ്പ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമായി മാറിയതും രണ്ടാംഘട്ട കുത്തിവയ്പ്പിനുള്ള സമയമായതുമാണ് വലിയ തിരക്ക് അനുഭവപ്പെടാൻ പ്രധാനകാരണം. മാത്രമല്ല, ഒമിക്രോൺ ഭീതി കൂടി പരന്നതോടെ കുത്തിവയ്പ്പ് നടത്താത്തവരും രണ്ടാം ഘട്ട കുത്തിവയ്പ്പിന് സമയമാവാത്തവരും തള്ളിക്കയറിയത് സ്ഥിതി സങ്കീർണമാക്കി.

കഴിഞ്ഞദിവസം മാടവന കുടുംബാരോഗ്യ കേന്ദ്രത്തിലും ആയിരക്കണക്കിനാളുകൾ പുലർച്ചെ മുതൽ തിക്കിത്തിരക്കിയത് പൊലീസെത്തിയാണ് ഒഴിവാക്കിയത്. താലൂക്ക് ആശുപത്രിയിൽ നഗരസഭയ്ക്ക് പുറത്തുനിന്ന് നിരവധി പേർ കുത്തിവയ്പ്പിനെത്തിയിരുന്നു. അടുത്ത കുത്തിവയ്പ്പ് വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത് അയക്കുന്നവർക്ക് മാത്രമായിരിക്കും.