congress-vellnglur


കൊടുങ്ങല്ലൂർ - തൃശൂർ സംസ്ഥാന പാതയിലെ കാന നിർമ്മാണം ഉടൻ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ നിൽപ്പ് സമരം.

വെള്ളാങ്ങല്ലൂർ: കൊടുങ്ങല്ലൂർ - തൃശൂർ സംസ്ഥാന പാത പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി വെള്ളാങ്ങല്ലൂർ ജംഗ്ഷൻ മുതൽ വർക്ക്ഷോപ്പ് ജംഗ്ഷൻ വരെ നിലവിലെ റോഡിൽ നിന്നും ഒന്നര മീറ്റർ ഉയരത്തിൽ നടത്തുന്ന കാന നിർമ്മാണം ഉടൻ നിറുത്തിവയ്ക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വെള്ളക്കെട്ട് ഇല്ലാത്ത പ്രദേശങ്ങളിൽ ഇത്രയും ഉയരത്തിൽ കാന നിർമ്മിക്കുമ്പോൾ വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, അനുബന്ധ റോഡുകൾ എന്നിവ താഴ്ന്നുപോകുന്ന അവസ്ഥയിലാകും. പ്ലാനും എസ്റ്റിമേറ്റും ഉടൻ പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് മെമ്പർമാർ പഞ്ചായത്ത് കമ്മിറ്റിയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ഷംസു വെളുത്തേരി, അനിൽ മന്തുരുത്തി, കെ. കൃഷ്ണകുമാർ. എം.എച്ച്. ബഷീർ, നസീമ നാസർ, മഞ്ജു ജോർജ്, ജാസ്മിൻ ജോയ് എന്നിവരാണ് ആവശ്യം ഉന്നയിച്ചത്. തുടർന്ന് മെമ്പർമാർ കാന നിർമ്മാണ സ്ഥലത്ത് നിൽപ്പ് സമരം നടത്തി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ നിർമ്മാണവുമായി മുന്നോട്ട് പോയാൽ നിർമ്മാണം തടയുന്നത് ഉൾപ്പടെയുള്ള സമരവുമായി കോൺഗ്രസ് രംഗത്ത് വരുമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന പറഞ്ഞു.