ചാഴൂർ: ആലപ്പാട്, പൊറത്തൂർ, പള്ളിപ്രം, ചെറുകോൾ പടവുകളിലെ ഇലകരിച്ചിൽ, കടചീയൽ രോഗം 700 ലധികം ഏക്കറിലേക്ക് വ്യാപിച്ചു. വെള്ളം കെട്ടിനിൽക്കുന്ന ഭാഗങ്ങളിലാണ് രോഗവ്യാപനം കൂടുതൽ കാണപ്പെടുന്നത്. വൈറസിന്റെ ആക്രമണം തടയാൻ കർഷകർ ഡ്രോൺ ഉപയോഗിച്ച് ജൈവകീടനാശിനി തളിച്ചിരുന്നു. എന്നിട്ടും ഫലം കണ്ടില്ല. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കാർഷിക സർവകലാശാല അധികൃതരും സ്ഥലം സന്ദർശിച്ചിരുന്നു. നാശനഷ്ടം വന്ന ചെടികളും മറ്റും സാമ്പിൾ പരിശോധനക്ക് വിധേയമാക്കി. രോഗ ബാധ കാർഷിക ദുരന്തമായി പ്രഖ്യാപിച്ച് മരുന്ന്, അവ പ്രയോഗിക്കുന്നതിനുള്ള ചെലവ്, ധനസഹായം എന്നിവ നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ക്യഷി മന്ത്രി പി. പ്രസാദ്, റവന്യു മന്ത്രി കെ. രാജൻ എന്നിവർ ഇന്ന് പാടശേഖരങ്ങൾ സന്ദർശിക്കും.