munci-

നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ വാക്ക് തർക്കം.

കുന്നംകുളം: അദാനി ഗ്രൂപ്പ് സിറ്റി ഗ്യാസ് പൈപ്പ് ലൈനുകൾ കുഴിച്ചിടുന്നതിനായി എടുത്ത കുഴികൾ അപകടഭീഷണിയായ സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നിറുത്തിവെക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിഷേധം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ പ്രതിപക്ഷ കൗൺസിലറുടെ അസഭ്യവാക് പ്രയോഗവും പേപ്പർ വലിച്ചെറിയാനുള്ള ശ്രമവും ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറെ നേരം തർക്കത്തിന് വഴിവച്ചു.

നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തേക്ക് തങ്ങളോടൊപ്പമെത്തി പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നഗരസഭാ ഭരണസമിതി തയ്യാറാകാത്ത സാഹചര്യത്തിൽ പ്രതിഷേധവുമായി ആർ.എം.പി കൗൺസിലർമാരായ ബീന രവി, റീജ സലിൽ എന്നിവർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. മുന്നറിയിപ്പുകൾ സ്ഥാപിക്കാതെ അലക്ഷ്യമായെടുത്ത കുഴിയിൽ വീണ് കഴിഞ്ഞ ദിവസങ്ങളിലായി കുന്നംകുളം മേഖലയിൽ രണ്ട് പേരാണ് മരിച്ചത്. വിവിധ സ്ഥലങ്ങളിലെ കുഴിയിൽ വീണ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അപകടങ്ങളും മരണങ്ങളും തുടർക്കഥയായിട്ടും നഗരസഭാ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ആർ.എം.പി കൗൺസിലർമാർ പറഞ്ഞു.

ടേക്ക് എ ബ്രേക്ക് പദ്ധതിയിലുൾപ്പെടുത്തി ടൗൺഹാൾ ടോയ്‌ലറ്റ് ആധുനികവത്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചക്കിടയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ കൗൺസിലർ ബിജു.സി ബേബി നടത്തിയ അസഭ്യമായ ഭാഷാ പ്രയോഗം സി.പി.എം-കോൺഗ്രസ് അംഗങ്ങൾ തമ്മിൽ ഏറെ നേരത്തെ വാക്ക് പോരിനിടയാക്കി. അസഭ്യവാക്കുകൾക്കൊപ്പം പേപ്പർ എടുത്തെറിയാനും പ്രതിപക്ഷ കൗൺസിലർമാർ ശ്രമിച്ചു. ഇതോടെ യോഗം കയ്യാങ്കളിയുടെ വക്കിലെത്തി. അസഭ്യപ്രയോഗം പിൻവലിച്ച് ബിജു.സി.ബേബി മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതെ വന്നതോടെയാണ് വാക്ക് തർക്കം രൂക്ഷമായത്. ശബ്ദമുഖരിതമായ അന്തരീക്ഷം ഏറെ നേരം കൗൺസിൽ യോഗം തടസപ്പെടുത്തി. റെഡ് സോൺ മേഖലയിൽ വഴിയോരക്കച്ചവടം പാടില്ലെന്ന് ചെയർപേഴ്‌സൺ സീത രവീന്ദ്രൻ പറഞ്ഞു. പി.എം. സുരേഷ്, കെ.കെ. മുരളി, ടി.സോമശേഖരൻ, ഗീത ശശി, സോഫിയ ശ്രീജിത്ത്, രേഷ്മ സുനിൽ, ഷാജി ആലിക്കൽ, മിനി മോൻസി, സുജീഷ്, സുനിൽകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ഗ്യാസ് പൈപ്പ് ലൈൻ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നില്ല. ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കും. സിറ്റി ഗ്യാസ് പദ്ധതിയെ നഗരസഭ എതിർക്കില്ല. ജനങ്ങളുടെ ഭയാശങ്കകൾ പരിഹരിക്കാൻ യോഗം വിളിക്കും.

സീത രവീന്ദ്രൻ (ചെയർപേഴ്‌സൺ)