ചേലക്കര: നെല്ലും കപ്പയും ചേനയും കൂവയുമൊക്കെ വിളവെടുക്കാറായി വരുന്നതേയുള്ളൂ, അതിന് മുമ്പേ കാട്ടുപന്നികൾ വിളവെടുത്ത് കഴിഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൃഷിയോട് തന്നെ മനം മടുത്ത നിലയിലാണ് ചേലക്കര മേഖലയിലെ കർഷകർ. പ്രതികൂല കാലാവസ്ഥയിലും മണ്ണിനോട് മല്ലടിച്ച് വിളയിക്കുന്ന കൃഷികൾ കാട്ടുപന്നിക്കൂട്ടങ്ങൾ എത്തി അപ്പാടേ മുടിപ്പിക്കുമ്പോൾ ആരോടും പരാതി പറയാനാകാതെ പരിതപിക്കുകയാണ് ഇവർ. ചേലക്കോട് പൂളക്കൽ രാജേന്ദ്രന്റെ ഏക്കർ കണക്കിന് കൊയ്യാറായി നിൽക്കുന്ന നെൽച്ചെടികളാണ് പന്നിക്കൂട്ടം കഴിഞ്ഞ ദിവസം നശിപ്പിച്ചത്. കപ്പയും ചേനയും വാഴയുമൊക്കേ നേരത്തെ പന്നിക്കൂട്ടം നശിപ്പിച്ചിരുന്നു. മിക്ക കർഷകരുടേയും അവസ്ഥ ഇതുപോലെ തന്നെയാണ്. കാട്ടിലേക്കാൾ സുരക്ഷിതത്വം നാട്ടിലാണന്നു തിരിച്ചറിഞ്ഞ പന്നികൾ നാട്ടിൻ പ്രദേശങ്ങളിലെ ഇടക്കാടുകളിൽ പെറ്റ് പെരുകി വിഹരിക്കുകയാണ്. മെയിൻ റോഡിലൂടെ വരെ പകൽ യാത്ര നടത്തുന്ന കാട്ടുപന്നികളുണ്ട്. രാപ്പകൽ ഭേദമില്ലാതെ പന്നി കുറുകേ ചാടി വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി വാഹന യാത്രികർ അപകടത്തിൽപ്പെടുന്നുമുണ്ട്. മണ്ണിൽ ഉണ്ടാകുന്ന വിളകൾ കാട്ടുപന്നികളും മുള്ളൻ പന്നികളും നശിപ്പിക്കുമ്പോൾ മരത്തിന് മുകളിലുണ്ടാകുന്നവ മല അണ്ണാനും കുരങ്ങും നശിപ്പിക്കുകയാണ്.കാട്ടുമൃഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നടപടി ഉണ്ടാകാത്തിടത്തോളം കാലം കൃഷിയിൽ നിന്ന് വിളവെടുത്ത് ജീവിക്കാമെന്ന പ്രതീക്ഷ ഇല്ലന്ന് കർഷകർ ഒന്നടങ്കം പറയുന്നു.