കൊടുങ്ങല്ലൂർ - ഷൊർണൂർ റോഡ് നിർമ്മാണം

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ - ഷൊർണൂർ റോഡ് നിർമ്മാണം സംബന്ധിച്ച് ജനങ്ങൾ ഉന്നയിച്ച പരാതിയിൽ നിർദ്ദിഷ്ട സ്ഥലം വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ചു.

കരാർ കമ്പനിക്കാരോട് നിലവിൽ പ്രവൃത്തി നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു. ആശങ്കകൾ അറിഞ്ഞ ഉടനെ ഉദ്യോഗസ്ഥരോട് നിർമ്മാണ പ്രവൃത്തിയുടെ അലൈൻമെന്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. അതിൽ നിയോജക മണ്ഡലത്തിലെ അഞ്ച് പ്രദേശങ്ങളിൽ 2018ലെ പ്രളയത്തിൽ വെള്ളം കയറിയ ലെവലിൻ റോഡ് അലൈമെന്റ് തയ്യാറാക്കിയാണ് വിദേശ കൺസൽട്ടൻസി ഏജൻസി ടെൻഡർ നടപടി നടത്തിയിട്ടുള്ളത്. അത് പ്രകാരം കെ.കെ.ടി.എം കോളേജിന് സമീപം സി.എച്ച് 2540 മുതൽ 2660 മീറ്റർ വരെ 1.10 മീറ്റർ ഉയരവും, വെള്ളാങ്ങല്ലൂർ ഗ്ലാമർ പെട്രോൾ പമ്പിന് സമീപം സി.എച്ച് 9900 മുതൽ 10380 വരെ 1.39 മീറ്റർ ഉയരവും, എസ്സാർ പെട്രോൾ പമ്പിന് സമീപം സി.എച്ച് 10880 മുതൽ 11140 വരെ 1.35 മീറ്റർ ഉയരവും ശുപാർശ ചെയ്തിട്ടുള്ളതെന്നാണ് രേഖകൾ പ്രകാരം മനസിലാക്കിയെതെന്ന് എം.എൽ.എ പറഞ്ഞു.

റോഡിന്റെ ഉയരം കുറച്ച് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പോകാൻ കഴിയുന്ന രീതിയിലേക്ക് മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം. മുഴുവൻ ജനങ്ങളുെടെയും ആശങ്ക പരിഹരിച്ചതിന് ശേഷം നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചാൽ മതിയെന്ന് എം.എൽ.എ നിർദ്ദേശം നൽകി.

ജനങ്ങളുടെ ആശങ്ക വകുപ്പ് മന്ത്രിയെ കണ്ട് ധരിപ്പിക്കുമെന്നും പദ്ധതി തയ്യാറാക്കിയ ലൂയിസ് ബെർഗ് ഏജൻസിയെ ഉൾപ്പെടുത്തി പരിഹാരം കാണനുള്ള യോഗം വിളക്കുമെന്നും എം.എൽ.എ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പ്രസിഡന്റ് വിജയലക്ഷ്മി, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്, ജനപ്രതിനിധികൾ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്.