കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ഹാർഡ് വെയർ സ്ഥാപനത്തിന്റെ ഗോഡൗണിൽ തീപിടിത്തം. ശൃംഗപുരത്തെ ബാങ്ക് ഒഫ് ബറോഡയോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രഭൂസ് ഹാർഡ് വെയറിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ ഭൂഗർഭ നിലയിലുള്ള ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പെയിന്റ് ഉൾപ്പടെയുള്ള സാമഗ്രികൾ കത്തിനശിച്ചു. പെയിന്റിന് തീപിടിച്ച് കറുത്ത പുക ഉയർന്നതിനെതുടർന്ന് നാട്ടുകാരും സ്ഥാപനത്തിലെ ജീവനക്കാരും ചേർന്ന് വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് പുല്ലൂറ്റ് നിന്നും എത്തിയ ഫയർഫോഴ്‌സാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 35 ലക്ഷം രൂപയുടെ പെയിന്റിംഗ് സാമഗ്രികൾ ഇവിടെ സൂക്ഷിച്ചിരുന്നു. സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് കെ.എൻ. സന്തോഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ പി.ബി. സുനി, ഫയർ ആനഡ് റെസ്‌ക്യു ഓഫീസർമാരായ എസ്. സന്ദീപ്, ആർ. ശ്രീജിത്ത്, എം.ആർ. രഞ്ജിത്ത്, രഞ്ജിത് കൃഷ്ണൻ എന്നിവർ രക്ഷാപ്രവർതനങ്ങൾക്ക് നേതൃത്വം നൽകി. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.