പുതുക്കാട്: ചെമ്പൂച്ചിറ ഗവ. സ്‌കൂളിലെ അപാകതകളുള്ള കെട്ടിടത്തിന് പകരം പുതിയ അഞ്ച് മുറികൾ നിർമ്മിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർമ്മാണ ഏജൻസിയായ കൈറ്റിനോട് മന്ത്രി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗം നിർദ്ദേശിച്ചു. ഗ്രൗണ്ട് ഫ്‌ളോറിലെ കെട്ടിടത്തിന്റെ സുരക്ഷയെ സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ എൻജിനീയറിംഗ് കോളേജിലെ സിവിൽ വിഭാഗത്തോട് ആവശ്യപ്പെടാനും തുടർ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനമെടുത്തു. ചെമ്പൂച്ചിറ ഗവ.സ്‌കൂളിലെ കെട്ടിട നിർമ്മാണത്തിലെ അപാകതകൾ സംബന്ധിച്ച് വ്യാപക പരാതികളുയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ച് ചേർത്തത്.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ്, പഞ്ചായത്ത് പ്രസിഡന്റ് അശ്വതി.വി.ബി, പഞ്ചായത്തംഗം എൻ.പി. അഭിലാഷ്, മന്ത്രിയുടെ പി.എസ് രാമചന്ദ്രൻ നായർ, ഡയറക്ടർ ജനറൽ ഓഫ് എജ്യൂക്കേഷൻ ഡോ.ജീവൻ ലാൽ, ഹയർസെക്കൻഡറി മേഖലാ ഡയറക്ടർ കെ.ശകുന്തള, ജില്ലാ വിദ്യാഭ്യാസ ഓഫീസർ മദനമോഹനൻ, കൈറ്റ് ടെച്ച് കോ-ഓർഡിനേറ്റർ എസ്. ചന്ദ്രകുമാർ, കെ.ഇ.എം ജില്ലാ കോ-ഓർഡിനേറ്റർ മുഹമ്മദ് സിദ്ദിഖ്, പ്രിൻസിപ്പൽ കെ.എസ്. സോണി, പ്രധാന അദ്ധ്യാപിക പി.പി. ടെസി, പി.ടി.എ പ്രസിഡന്റ് മഞ്ജു സജി എന്നിവർ പങ്കെടുത്തു.