pradeep

തൃശൂർ: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി ഓഫീസർ പ്രദീപ് അറയ്ക്കൽ 2018ൽ പ്രളയ സമയത്ത് കേരളത്തിലെത്തിയ ഹെലികോപ്റ്റർ രക്ഷാദൗത്യ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യർഹമായ സേവനം കാഴ്ച വച്ച സൈനികൻ.

കോയമ്പത്തൂർ വ്യോമസേനാ താവളത്തിൽ നിന്ന് പ്രളയ രക്ഷാ പ്രവർത്തനങ്ങൾക്കായി എത്തിയ സംഘത്തിലായിരുന്നു വാറണ്ട് ഓഫീസറായിരുന്ന പ്രദീപ് അറയ്ക്കൽ ഉണ്ടായിരുന്നത്.

ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്.

പ്രദീപ് കുടുംബത്തോടൊപ്പം സുലൂർ വായുസേനാ ക്വാർട്ടേഴ്സിലാണ് താമസം. കുറച്ച് ദിവസം മുമ്പ് മകന്റെ ജന്മദിനാഘോഷവും അച്ഛൻ രാധാകൃഷ്ണന്റെ ചികിത്സയുമായും ബന്ധപ്പെട്ട് നാട്ടിലെത്തിയിരുന്നു. നാല് ദിവസം മുമ്പാണ് മടങ്ങിയത്. ജോലിയിൽ പ്രവേശിച്ചതിന്റെ നാലാം ദിനമാണ് അപകടം.

തൃശൂർ പുത്തൂർ പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിനു സമീപമാണ് വീട്. പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കിയ ശേഷമാണ് 2002 ൽ പ്രദീപ് വായു സേനയിൽ ചേർന്നത്. വെപ്പൺ ഫിറ്റർ ആയാണ് ആദ്യ നിയമനം. പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിലുടനീളം സേവനമനുഷ്ഠിക്കുകയും ചെയ്തു. ഉത്തരേന്ത്യയിലെ ഒരു മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലും പ്രവർത്തിച്ചു
ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെ പ്രളയ സമയത്തെ രക്ഷാദൗത്യം തുടങ്ങിയ അനേകം സേനാ മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുത്താൻ സാധിച്ച പ്രദീപ് ഉൾപ്പെട്ട ആ ദൗത്യ സംഘത്തിന് ഇന്ത്യൻ പ്രസിഡന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസ നേടാനായിരുന്നു. സംഭവമറിഞ്ഞ് സഹോദരൻ പ്രസാദ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.