ഗവ. എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഹിമാചൽ പ്രദേശിലെ അടൽ ടണലിന് മുന്നിൽ.
തൃശൂർ: ഗവ. എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഹിമാചൽ പ്രദേശിലെ 'അടൽ ടണൽ' സന്ദർശിച്ചു. കോളേജിലെ സിവിൽ, മെക്കാനിക്കൽ വിഭാഗങ്ങളിലെ 10 വിദ്യാർത്ഥികളാണ് അദ്ധ്യാപകനുമൊത്ത് ടണൽ സന്ദർശിച്ചത്. സിവിൽ എൻജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ദീപക്.ബി, വിദ്യാർത്ഥികളായ അഭിലാഷ്, അഭിനവ് സച്ചിത്, അവന്തിക പ്രതാപ്, ദിവ്യ, ഡോൺ പോൾ, നീരജ് മേനോൻ, നിരഞ്ജന, സാന്ദ്രാ വൈശാഖ്, വൈഷ്ണവി സാബുനാഥ് എന്നിവരാണ് പങ്കെടുത്തത് . പതിനായിരം അടി ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ടണൽ സന്ദർശിച്ചത് വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി. ടണൽ ഉദ്യോഗസ്ഥരുമായി വിദ്യാർത്ഥികൾ ആശയ വിനിമയം നടത്തി. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എൻ.ഐ.ആർ.എഫ് റാങ്കിംഗിലെ കോളേജിന്റെ മികച്ച സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ 'യുവക്' സ്‌കീം പ്രകാരമാണ് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ടണൽ സന്ദർശിക്കാനുള്ള അവസരം ലഭിച്ചതെന്ന് കോളേജ് പ്രിൻസിപ്പൽ രഞ്ജിനി ഭട്ടത്തിരിപ്പാട് പറഞ്ഞു.