alpha-palliyettive-care
എടമുട്ടം ആൽഫയിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നൂറുദ്ദീൻ സംസാരിക്കുന്നു.

തൃപ്രയാർ: എടമുട്ടം ആൽഫയുടെ കീഴിലെ ആൽഫ ഡയാലിസിസ് സെന്ററിൽ ചികിത്സ തേടുന്നവരുടെയും കടുംബാംഗങ്ങളുടെയും മുഖാമുഖം പരിപാടി വൃക്കരോഗികൾ നേരിടുന്ന ദുരിതങ്ങളുടെ നേർക്കാഴ്ചയായി. സർവകലാശാലാ ജീവനക്കാരനായി ജീവിതത്തിലുണ്ടാക്കിയ സമ്പാദ്യം മുഴുവൻ ഭാര്യയുടെ ചികിത്സയ്ക്കായി ചെലവഴിച്ച് ദാരിദ്ര്യത്തിന്റെ വക്കിലെത്തിയ അനുഭവം മുതൽ ഓരോ ആഴ്ചയിലും ഡയാലിസിസിനും മരുന്നുകൾക്കുമായി കൈനീട്ടേണ്ടി വന്നവരുടെയും ദയനീയ കാഴ്ചകളാണ് പലരും പങ്കുവച്ചത്.

മകളുടെ എൻജിനിയറിംഗ് ഫീസ് അടയ്ക്കാത്തതിനാൽ പഠനം മുടങ്ങുമെന്ന അവസ്ഥയിലാണെന്ന് മണലൂരിൽ നിന്നുള്ള വീട്ടമ്മ പറഞ്ഞു. ഡയാലിസിസ് സൗജന്യമായി നടക്കുന്നുണ്ടെങ്കിലും യാത്രയ്ക്ക് പ്രതിദിനം 600 രൂപയോളം വരുന്നുണ്ടെന്നും പ്രതിമാസ ആരോഗ്യ പരിശോധനകൾക്ക് 5000 രൂപയോളം വരുന്നുണ്ടെന്നും പലർക്കും പരിഭവമുണ്ടായിരുന്നു.

ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് ആൽഫ ട്രസ്റ്റ് ചെയർമാൻ കെ.എം. നൂറുദ്ദീൻ വ്യക്തമാക്കി. കോളേജ് ഫീസ് അടക്കൽ, വാടക നൽകാനാകാത്ത സ്ഥിതി എന്നിവിടങ്ങളിൽ വിശദമായ പരിശോധന നടത്തി പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ആൽഫ ട്രസ്റ്റി രവി കണ്ണംമ്പുള്ളിൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.എം. നൂറുദ്ദീൻ അദ്ധ്യക്ഷനായി. കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, എക്‌സിക്യൂട്ടിവ് കൗൺസിൽ സെക്രട്ടറി അഡ്വ. പി.എഫ്. ജോയ്, സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ മാനേജർ കൃപേഷ് എന്നിവർ സംസാരിച്ചു. ട്രസ്റ്റി താഹിറ നൂറുദ്ദീൻ, രജനി രവി, പി.കെ. ജയരാജൻ, എം.കെ. രാജീവ്, ജിതുൻ ജോർജ്ജ് എന്നിവർ സംബന്ധിച്ചു.

ഡയാലിസിസിനൊപ്പമുള്ള 270 രൂപയോളം വരുന്ന കുത്തിവയ്പുകൾ സൗജന്യമാക്കും. രോഗികളുടെ യാത്രാസൗകര്യത്തിന് 27 സീറ്റുകളുള്ള വാഹനം ലഭ്യമാക്കും. പ്രതിമാസ മെഡിക്കൽ ചെക്കപ്പ് സൗജന്യമായി നൽകും.

- ആൽഫാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ

ആൽഫ ഡയാലിസിസ് സെന്റർ

2021 ഫെബ്രുവരി 21ന് 15 ഡയാലിസിസ് യന്ത്രങ്ങളോടെയാണ് ആൽഫ ഡയാലിസിസ് സെന്റർ പ്രവർത്തനം തുടങ്ങിയത്. പിന്നീട് നാല് യന്ത്രങ്ങൾ കൂടിയെത്തി. പ്രതിമാസം 1300 ഓളം ഡയാലിസിസുകളാണ് സൗജന്യമായി നൽകുന്നത്. രോഗികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഹാപ്പിനെസ് ക്ലബും ആരംഭിച്ചിട്ടുണ്ട്. 136 അംഗങ്ങൾ കൂട്ടായ്മയുടെ ഭാഗമാണ്.