 
തിരുവില്വാമല: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ ഈ വർഷത്തെ പുനർജനി നൂഴൽ ഗുരുവായൂർ ഏകാദശി നാളിൽ 14 ന് നടക്കും. ഭക്തർക്കായി കൊച്ചിൻ ദേവസ്വം ബോർഡ്, ഗ്രാമ പഞ്ചായത്ത്, പൊലീസ്, ആരോഗ്യ വകുപ്പ്, ക്ഷേത്ര ഉപദേശക സമിതി എന്നിവരുടെ സഹകരണത്തോടെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുനർജനി നൂഴുന്നതിന് ആഗ്രഹിക്കുന്നവർ രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് ആണെന്ന ടെസ്റ്റ് റിസൽട്ട് എന്നിവയിലേതെങ്കിലും ഹാജരാക്കേണ്ടതാണ്. പുനർജനി നൂഴുന്നവർ ദേവസ്വം ഓഫീസിൽ നിന്നും മുൻകൂട്ടി ടോക്കൺ എടുക്കേണ്ടതാണ്. ആറ് മാസത്തിനുള്ളിൽ കൊവിഡ് ബാധിച്ചിട്ടുള്ളവർ ആരോഗ്യ കാരണങ്ങളാൽ ഇത്തവണ പുനർജനി നൂഴുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്. അന്നേ ദിവസം ക്ഷേത്രത്തിൽ പ്രത്യേക പൂജകളും പഞ്ചവാദ്യത്തോട് കൂടിയ പ്രത്യേക കാഴ്ച ശീവേലിയും ചുറ്റുവിളക്കും ഉണ്ടാകും.