mmmm

കാഞ്ഞാണി: വെള്ളം നൽകിയില്ല,​ കാരപ്പാടത്തെ ഒരേക്കർ നെൽക്കൃഷി ഉണങ്ങിയതായി പരാതി. മണലൂർ മഞ്ചാടിയിലെ കാരപ്പാടത്തെ നെൽചെടികളാണ് ജലസേചന വകുപ്പ് അധികൃതരുടെ അനാസ്ഥ മൂലം ഉണങ്ങുന്നത്.

ആറ് വർഷമായി കർഷകനായ തുരുത്തിയിൽ ബാലകൃഷ്ണൻ ഇവിടെ കൃഷി ചെയ്തുവരുന്നു. നെൽചെടി നട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും പലതവണ വെള്ളം വിടാൻ ആവശ്യപ്പെട്ടിട്ട് ജലസേചന വകുപ്പ് അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.

മണലൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ തരിശുപാടങ്ങളിൽ നെല്ല്,​ പച്ചക്കറി എന്നിവ കൃഷി ചെയ്തുവരുന്നുണ്ട്. എല്ലാ വർഷവും വ്യത്യസ്ത ഇനങ്ങളായ നെൽവിത്തുകളും നെൽചെടികളുമാണ് പരീക്ഷിക്കുന്നത്. പൊന്മണി നെൽചെടികളാണ് മാഞ്ചാടി കരപാടത്ത് ഇത്തവണ ക്യഷിക്കായി മൂന്ന് നാൾ മുൻപ് നട്ടത്.

വളരെ ബുദ്ധിമുട്ടിയാണ് പൊന്മണി നെൽചെടി സംഘടിപ്പിച്ചത്. ഉണങ്ങിപ്പോയാൽ ഇനി ചെടി കിട്ടാനില്ലെന്നും കർഷകനായ ബാലകൃഷ്ണൻ പറയുന്നു. കാഞ്ഞാണി ലിഫ്ട് ഇറിഗേഷനിൽ നിന്നാണ് വെള്ളം പമ്പ്‌ ചെയ്ത് കനാൽ വഴി കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്. ജലസേചനവകുപ്പിന്റെ വെള്ളം ആശ്രയിച്ചാണ് ഇവിടെ ഭൂരിഭാഗം കർഷകരും വിത്തിറക്കിയിട്ടുള്ളത്.

ഉണങ്ങിയ നെൽക്കൃഷിക്ക് നഷ്ടപരിഹാരം ലഭിക്കില്ല. കൃഷി തുടങ്ങിയിട്ട് 45 ദിവസം കഴിഞ്ഞെങ്കിൽ മാത്രമേ നഷ്ടപരിഹാരം കണക്കാക്കി നെൽവിത്ത് നൽകാനാകൂ.

- നികിത,​ കൃഷി ഓഫിസർ

കാഞ്ഞാണി ലിഫ്ട് ഇറിഗേഷനിലെ മോട്ടോറിന് കേടുപാട് ഉണ്ടായത് മൂലമാണ് വെള്ളം പമ്പ്‌ ചെയ്യാനാകാതെ വന്നത്. അടിയന്തരമായി പരിഹരിച്ച് വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

- നെവിൻ സന്തോഷ്,​ അസി. എൻജിനിയർ,​ മൈനർ ഇറിഗേഷൻ,​ ചാവക്കാട്.