ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ അംഗങ്ങൾക്കായി തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജിൽ ആരംഭിച്ച എൽ.ഇ.ഡി നിർമ്മാണ പരിശീലനം.
വടക്കാഞ്ചേരി: ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർക്കും മറ്റ് തിരഞ്ഞെടുത്ത അംഗങ്ങൾക്കുമായി തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജിലെ ഐ.ഇ.ഡി.സി സ്‌കിൽ സെന്ററിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ എൽ.ഇ.ഡി നിർമ്മാണ പരിശീലനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എട്ട് ഗ്രാമ പഞ്ചായത്തിലെ തിരഞ്ഞെടുത്ത അംഗങ്ങൾക്കാണ് പരിശീലനം നൽകുന്നത്. എൽ.ഇ.ഡി ട്യുബ്, സ്ട്രീറ്റ് ലൈറ്റ്, ആഡംബര ലൈറ്റുകൾ എന്നിവയാണ് കോളേജിലെ സ്‌കിൽ സെന്റർ ടീമിന്റെ നേതൃത്വത്തിൽ നിർമ്മിക്കാൻ പരിശീലനം നൽകുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസ് വില്യംസ് നിർവഹിച്ചു. ചടങ്ങിൽ വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. പ്രമോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിദ്യ എൻജിനീയറിംഗ് പ്രിൻസിപ്പൽ ഡോ. സി.ബി.സജി എന്നിവർ പ്രസംഗിച്ചു. വിദ്യ സ്‌കിൽ സെന്റർ മേധാവി എം. അനിലിന്റെ നേതൃത്വത്തിൽ സ്‌കിൽ സെന്റർ അംഗങ്ങളായ അനിൽ.പി. ശ്രീനിവാസൻ, ഷെജി പ്രകാശ്, ജീജ.കെ.ആർ, നിമ്മ്യ.പി.ജി എന്നിവരാണ് ബാച്ചുകളായി തിരിച്ച് കോളേജ് സ്‌കിൽ സെന്റർ ലാബിൽ പരിശീലനം നൽകുന്നത്.