തൃശൂർ: പദ്ധതികൾക്ക് തുക ചെലവിട്ടതിൽ ക്രമക്കേടുണ്ടെന്ന സി.ആന്റ്.ജി. ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശത്തെച്ചൊല്ലി കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ ബഹളം. വഞ്ചിക്കുളത്തിനടുത്ത് മാലിന്യ സംസ്‌കരണ പ്ലാന്റിനായി വാങ്ങിയ ചതുപ്പ് നിലം അനുയോജ്യമെന്ന് തെറ്റായി റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയും വിജിലൻസ് അന്വേഷണവും ആവശ്യപ്പെട്ട് 23 കോൺഗ്രസ് കൗൺസിലർമാർ കത്ത് നൽകി.
ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങൾ വ്യക്തമാക്കുന്നത് അഴിമതിയും ക്രമക്കേടുമല്ല, കൊള്ളയാണെന്നും ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രാജൻ.ജെ. പല്ലൻ ആവശ്യപ്പെട്ടു. ഓഡിറ്റ് റിപ്പോർട്ട് സ്വാഗതാർഹമാണെന്നും വിജിലൻസ് അന്വേഷണമാകാമെന്നും 2013 ൽ നടന്ന കാര്യമായതിനാൽ അന്നത്തെ യു.ഡി.എഫ് ഭരണസമിതിക്കാണ് അതിൽ ഉത്തരവാദിത്വമെന്നും ഭരണപക്ഷത്ത് മറുപടി നൽകിയ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി വ്യക്തമാക്കി. റിലയൻസ് അനധികൃതമായി റോഡ് കുത്തിപ്പൊളിച്ചതുമായി ബന്ധപ്പെട്ട് 90. 73 ലക്ഷം രൂപ കോർപറേഷന് നഷ്ടമായെന്നാണ് ഓഡിറ്റിലെ പരാമർശം. റിസ്‌റ്റോറേഷൻ നിരക്ക് എന്ന നിലയിൽ തുക തിരിച്ച് പിടിക്കാൻ കഴിഞ്ഞ ഭരണസമിതി നടപടിയെടുത്തില്ലെന്ന് പ്രതിപക്ഷം വിമർശിച്ചു.
വഞ്ചിക്കുളത്തിനടുത്ത് ചതുപ്പ് നിലമാണ് സ്വീവറേജ് പ്ലാന്റിനായി വാങ്ങിയത്. നാല് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്ന ഇവിടേയ്ക്ക് പ്രവേശിക്കാൻ പോലും കഴിയില്ല. സ്ഥലം വാങ്ങുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ല. 60 സെന്റ് സ്ഥലം മാത്രം പ്ലാന്റിന് മതിയെന്നിരിക്കേ 7.79 ഏക്കറാണ് വാങ്ങിയത്. വിലയായി നൽകിയ 4.3 കോടി നഷ്ടമായെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടും വിജിലൻസ് അന്വേഷണമാവശ്യപ്പെട്ടും കോൺഗ്രസ് കൗൺസിലർമാർ കത്ത് നൽകി. ചർച്ചകൾ നടക്കട്ടെയെന്നും അഴിമതി ഉണ്ടെന്ന് കണ്ടാൽ ഉടൻ നടപടി ഉണ്ടാകുമെന്നും മേയർ എം.കെ. വർഗീസ് അറിയിച്ചു.
യോഗം ചേർന്നത് അന്ത്യാഞ്ജലിക്ക് ശേഷം
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റേയും കോപ്ടറിലുണ്ടായിരുന്ന തൃശൂർ സ്വദേശി പ്രദീപിന്റേയും വലിയ ചിത്രത്തിന് മുന്നിൽ പുഷ്പാഞ്ജലി നടത്തി ആദരമർപ്പിച്ച ശേഷമായിരുന്നു കൗൺസിൽ യോഗം ആരംഭിച്ചത്. ഹെലികോപ്ടർ അപകടത്തിൽ മരിച്ചവർക്ക് വേണ്ടിയും കഴിഞ്ഞ ദിവസം നഗരത്തിൽ കാള സ്‌കൂട്ടറിലിടിച്ചതിനെത്തുടർന്ന് വീണ് മരിച്ച എ.എസ്.ഐ ജോൺസന്റെ മരണത്തിലും കൗൺസിൽ യോഗം അനുശോചിച്ചു.
പ്‌ളക്കാർഡുയർത്തി പ്രതിഷേധം
ഫ്‌ളക്‌സിൽ ചിത്രം ചെറുതായെന്ന് പറഞ്ഞ് പൂങ്കുന്നം ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ബഹിഷ്‌കരിച്ച മേയർക്കെതിരെ ഡിവിഷൻ കൗൺസിലർ എ.കെ. സുരേഷ് പ്ലക്കാർഡുയർത്തി യോഗത്തിനെത്തി പ്രതിഷേധം അറിയിച്ചു. മേയറുടെ ചിത്രം എം.എൽ.എയുടേതിനേക്കാൾ വലുതാക്കി പ്രിന്റ് ചെയ്ത് 'പ്രോട്ടോകോൾ ഇത്ര മതിയോ' എന്ന് പരിഹസിക്കുന്ന പ്ലക്കാർഡാണ് ഉയർത്തിയത്.