dgp

തൃശൂർ : വലിയ പരേഡ് ഗ്രൗണ്ടിൽ ഇരുപത് റൗണ്ട് നിറുത്താതെ വലം വെച്ചോടി പൊലീസ് മേധാവി അനിൽകാന്ത്. ഒപ്പം പരിശീലനാർത്ഥികളും. അഞ്ചു റൗണ്ട് പൂർത്തിയായപ്പോൾ പരിശീലനാർത്ഥികൾ കിതച്ചു. അപ്പോഴും പൊലീസ് മേധാവി നിറുത്തിയില്ല. പൊലീസ് അക്കാഡമി പരേഡ് ഗ്രൗണ്ടിൽ ഏവരും വിസ്മയത്തോടെ ഡി.ജി.പിയുടെ കായിക ക്ഷമതയും, ദീർഘ ദൂര ഓട്ടവും നോക്കി നിന്നു.
ആദ്യമായി പൊലീസ് അക്കാഡമി സന്ദർശിക്കാനെത്തിയ അദ്ദേഹം ആറോടെ ഓട്ടം തുടങ്ങി എട്ടോടെയാണ് നിറുത്തിയത്. തുടർന്ന് നടന്ന കായിക പരിശീലനത്തിലും പങ്കെടുത്തു. 'തിങ്ക്' ആഡിറ്റോറിയത്തിൽ പരിശീലനാർത്ഥികളുമായി സംവദിച്ച അദ്ദേഹം തന്റെ 60 വയസിലെ കായിക ക്ഷമതയുടെ വിജയരഹസ്യം പങ്കുവെച്ചു. 'സ്‌പോർട്‌സ് താരമായാണ് തുടക്കം, എല്ലാ ദിവസവും ഒരു മണിക്കൂർ കൂടുതൽ ഓടും. മനക്കരുത്തും, ശാരീരിക ക്ഷമതയും കൈവരിക്കണമെന്നും ഏവരും അത് നിലനിറുത്തണമെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു. ആയോധനകലകൾ പരിശീലനത്തിൽ ഉൾപ്പെടുത്തുമെന്നും എസ്.ഐ കേഡറ്റുകൾക്ക് പ്രാക്ടിക്കൽ ക്‌ളാസുകൾ കൂടുതൽ നൽകുമെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

തരംതാണ ഭാഷ പ്രയോഗിക്കരുത് : ഡി.ജി.പി

ഇന്ത്യയിലെ മികച്ച പൊലീസ് എന്ന ഖ്യാതിയുള്ള പൊലീസ് സേനയിലെ ഓരോ അംഗത്തിന്റെയും ഭാഷ മികച്ചതാകണമെന്ന് ഡി.ജി.പി അനിൽ കാന്ത് . വിദ്യാസമ്പന്നരായ ഏവരുടെയും ഭാഷയും, ഇടപെടലും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാകണം. 'തരംതാണ ഭാഷാപ്രയോഗം അരുത്.' കേരള പൊലീസ് അക്കാഡമിയിലെ പരിശീലനാർത്ഥികളുമായി സംസാരിക്കവേയാണ് ഡി.ജി.പി ഇത് എടുത്തുപറഞ്ഞത്. അക്കാഡമി ഡയറക്ടർ ഐ.ജി പി. വിജയൻ അദ്ധ്യക്ഷനായി.