ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടിയിൽ ഇരുപതോളം പേരെ കടിച്ച തെരുവ് നായ്ക്കളെ പിടികൂടി. ഇതിൽ കൂടുതൽ ആളുകളെ ആക്രമിച്ച നായയെ മൂഞ്ഞേലിയിലെ പള്ളി പറമ്പിൽ ചത്ത നിലയിൽ കണ്ടെത്തി. മറ്റ് രണ്ടെണ്ണത്തിനേയും ബുധനാഴ്ച രാത്രി തന്നെ എറണാകുളത്ത് നിന്നെത്തിയ ബീപ്രൗഡ് എന്ന സ്വകാര്യ ഡോഗ് സ്‌ക്വാഡ് പിടികൂടിയിരുന്നു. ഇന്നലെ മനപ്പടി, കീഴ്ത്താണി, അമ്പലനട, തോട്ടവീഥി, കോട്ടാറ്റ് മൂഞ്ഞേലി എന്നിവിടങ്ങളിൽ നിന്നായി 26 നായകളെയാണ് പിടികൂടിയത്. ഇവയെ മൂന്ന് ദിവസം ചാലക്കുടി മൃഗാശുപത്രിയിൽ നിരീക്ഷിക്കും. വന്ധീകരണവും വാക്‌സിന് കുത്തിവയ്പ്പും നടത്തും. ഇതിന്റെ ചെലവ് നഗരസഭ വഹിക്കും. ചത്ത നായയ്ക്ക് പേ ബാധയുണ്ടെന്നാണ് നിഗമനം. ഇതിന്റെ ജഡം പോസ്റ്റ്‌മോർട്ടം നടത്തുന്നതിന് വെറ്റിനറി വിഭാഗത്തിന് കൈമാറി. ജീവനോടെ പിടികൂടിയ നായ്ക്കളേയും പരിശോധിക്കും. ഇതിന് പുറമെ നഗരത്തിൽ അലഞ്ഞ് നടക്കുന്ന നായകളെ പിടികൂടി വന്ധീകരണം നടത്തുകയും പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കുകയും ചെയും. ജനങ്ങളുടെ ഭീതി അകറ്റുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ പറഞ്ഞു.