കുന്നംകുളം: കേച്ചേരി ജംഗ്ഷൻ വികസനത്തിനായി കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച 50 കോടി വിനിയോഗിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾക്ക് വേഗം കൂട്ടാനായി ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് ചേർക്കാൻ എം.എൽ.എമാരായ എ.സി. മൊയ്തീൻ, മുരളി പെരുനെല്ലി എന്നിവരുടെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം.
മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുള്ള 5.5 കിലോമീറ്റർ ദൂരം സ്ഥലമെടുപ്പ് പൂർത്തിയാക്കി നാലുവരിപാതയാക്കുന്ന കാര്യം കളക്ടറുടെ സാന്നിദ്ധ്യത്തിൽ വിളിച്ച് ചേർക്കുന്ന യോഗത്തിൽ തീരുമാനിക്കും. വേലൂർ-കേച്ചേരി റോഡിന്റെ ബിറ്റുമിൻ മെക്കാഡം ഡിസംബർ 31 നകം പൂർത്തിയാക്കും. ഇതിന്റെ ഭാഗമായുള്ള കാന നിർമാണം ഉടൻ തീർക്കണമെന്ന് എ.സി.മൊയ്തീൻ എം.എൽ.എ നിർദ്ദേശിച്ചു.
ഗ്യാസ് പൈപ്പ് ലൈനിന് വേണ്ടി എടുത്ത കുഴികളിൽ അപകടങ്ങൾ പതിവായതിനാൽ പി.ഡബ്ല്യു.ഡി ഇടപെട്ട് കുഴികൾ അടച്ച ശേഷമേ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ തുടർ നടപടികൾക്ക് അനുമതി നൽകാൻ പാടുള്ളൂവെന്ന് യോഗം തീരുമാനിച്ചു. ചിറ്റണ്ട-തലശേരി റോഡിൽ അനുവദിച്ച രണ്ട് ഭരണാനുമതികളിൽ ഒന്ന് ആർത്താറ്റ് ഇറക്കത്ത് തീരെ മോശമായ ഭാഗത്തേക്ക് മാറ്റുന്നതിന് വേണ്ടി അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്ന് റോഡ്‌സ് വിഭാഗം എക്‌സി.എൻജിനീയർ വിശദീകരിച്ചു.
ചൂണ്ടൽ-ആളൂർ റോഡ് മാർച്ച് മാസത്തിനകം പൂർത്തീകരിക്കും. കേച്ചേരി-മറ്റം റോഡിന്റെ നിർമാണം വേഗത്തിലാക്കാനും മുരളി പെരുനെല്ലി എം.എൽ.എ നിർദ്ദേശിച്ചു. അമൃത് പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച കാഞ്ഞാണി-വാടാനപ്പിള്ളി, കാഞ്ഞാണി-മുല്ലശേരി റോഡുകളുടെ പരിതാപകരമായ അവസ്ഥയ്ക്ക് പരിഹാരം കാണാൻ നേരത്തെ അനുവദിച്ച 15 ലക്ഷത്തിന് പുറമെ വേണ്ടി വരുന്ന തുകയ്ക്ക് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും റോഡ്‌സ് വിഭാഗം എക്‌സി.എൻജിനീയർ അറിയിച്ചു.