കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീവിദ്യാ പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ പതിമൂന്നാം ശ്രീവിദ്യോപാസാക സംഗമവും ശ്രീചക്ര പൂജയും ഡിസംബർ 12ന് തിരുവഞ്ചികുളം ശിവപാർവതി മണ്ഡപത്തിൽ നടക്കും. പുലർച്ചെ അഞ്ചിന് മഹാ സിദ്ധഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. സംഗീത രത്‌നം ഭൂവനേശ്വരി ടീച്ചർ നയിക്കുന്ന നവാവരണ കീർത്തനത്തോടെയുള്ള ശ്രീചക്ര നവാവരണ പൂജ 9.30ന് സമാപിക്കും.

തുടർന്നു നടക്കുന്ന ഉദ്ഘാടന സദസ് ശ്രീ എം ഉദ്ഘാടനം ചെയ്യും. കേരള ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ് ഗോവിന്ദ് ഭരതൻ അദ്ധ്യക്ഷനാകും. ചടങ്ങിൽ ശ്രീവിദ്യാ പ്രതിഷ്ഠാനം ചെയർമാൻ അഡ്വ. എം. ത്രിവിക്രമൻ അടികൾ സ്വാഗതം പറയും. തുടർന്ന് കക്കാട് എഴുന്തോളിൽ മഠം സതീശൻ ഭട്ടതിരി എഴുതിയ ശ്രീവിദ്യ സാധന രഹസ്യം എന്ന പുസ്തകത്തിന്റെ പ്രകാശനം ശ്രീഎം നിർവഹിക്കും.

ചിദാനന്ദപുരി സ്വാമികൾ പുസ്തകം ഏറ്റുവാങ്ങും. മൈസൂരിലെ ദക്ഷിണാമൂർത്തി പീഠം ചിന്മയാനന്ദ സരസ്വതി സ്വാമികൾ, ട്രിച്ചി അയ്യർ മലയിലെ പൂജ്യ സ്വാമി പ്രണവാനന്ദ മഹാരാജ എന്നിവരുടെ അനുഗ്രഹ പ്രഭാഷണവും ഉണ്ടായിരിക്കുമെന്നും സംഘാടക സമിതി ചെയർമാൻ ത്രിവിക്രമൻ അടികൾ പറഞ്ഞു.