കൊടുങ്ങല്ലൂർ: ദേശീയപാത 66ൽ കോട്ടപ്പുറം പാലത്തിന് സമീപമുള്ള ദേശീയ പാത വകുപ്പിന്റെ കെട്ടിടവും ഒരേക്കറോളം വരുന്ന ഭൂമിയും കാട് പിടിച്ച നിലയിൽ. ദേശീയപാത വിഭാഗം വാടക കെട്ടിടത്തിൽ സ്ഥല പരിമിതി മൂലം തിങ്ങി ഞെരുങ്ങുമ്പോഴാണ് ആയിരം സ്‌ക്വയർ ഫീറ്റിലധികം വിസ്തൃതിയുള്ള സ്വന്തം കെട്ടിടം ആളൊഴിഞ്ഞു കിടക്കുന്നത്.
വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടം ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമാണ്. കതകുകളും ജനാലകളും തല്ലിത്തകർത്ത നിലയിലുള്ള കെട്ടിടത്തിനകത്തെ മേശകളും മറ്റും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമിയും കെട്ടിടവും ജീർണാവസ്ഥയിൽ കിടക്കുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. കെട്ടിടം അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കണമെന്നും, ദേശീയപാത അധികൃതർ അനാസ്ഥ അവസാനിപ്പിക്കണമെന്നും നഗരസഭ കൗൺസിലർ വി.എം. ജോണി ആവശ്യപ്പെട്ടു.