കൊടുങ്ങല്ലൂർ: ക്ഷേത്രസങ്കേതം രാഷ്ട്രീയ പാർട്ടി പരിപാടികൾക്ക് വേദിയാക്കരുതെന്ന് ക്ഷേത്ര രക്ഷാവേദി. ശ്രീകുരുംബ ഭഗവതി ക്ഷേത്ര ഭൂമിയിൽ കുറച്ച് ദിവസങ്ങളായി രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങൾ നടക്കുന്നുണ്ടെന്നും ക്ഷേത്ര സങ്കേതം എപ്പോഴും പരിപാവനമായി നിലനിറുത്തി സംരക്ഷിക്കപ്പെടേണ്ടതാണെന്നും ക്ഷേത്ര രക്ഷാവേദി അഭിപ്രായപ്പെട്ടു. ദേവസ്വം അധികൃതരുടെ ശ്രദ്ധക്കുറവും മൗനാനുവാദവുമാണ് ഇത്തരം പരിപാടികൾ നടക്കാൻ കാരണം. മറ്റു മതസ്തരുടെ ദേവാലയങ്ങളോട് കാണിക്കുന്ന ആദരവും പരിഗണനകളും എല്ലാ രാഷ്ട്രീയ കക്ഷികളും ഹൈന്ദവ ദേവാലയങ്ങളോട് കാണിക്കണം. ക്ഷേത്ര സങ്കേതത്തിലെ രാഷ്ട്രീയ യോഗങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേവസ്വം ബോർഡും രാഷ്ട്രീയ നേതൃത്വങ്ങളും തയ്യാറാകണമെന്നും അല്ലാത്തപക്ഷം ഹൈന്ദവ സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തുവരുമെന്നും ക്ഷേത്ര രക്ഷാവേദി കൺവീനർ സി.എം. ശശീന്ദ്രൻ അറിയിച്ചു.