mmmmഡിസംബ‌ർ പത്തിന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്ത

കേരളകൗമുദി വാർത്ത തുണയായി

കാഞ്ഞാണി: കൃഷിയിറക്കി ദിവസങ്ങൾ കഴിഞ്ഞിട്ടും വെള്ളം കിട്ടാതെ ഉണക്ക്ഭീഷണി നേരിട്ടിരുന്ന തുരുത്തിയിൽ ബാലകൃഷ്ണന്റെ കൃഷിയിടത്തിൽ ഇന്നലെ വെള്ളമെത്തി. മണലൂർ മഞ്ചാടി കരപ്പാടത്തെ ഒരേക്കറോളം വരുന്ന ഭൂമിയിലെ നെൽക്കൃഷിയാണ് വെള്ളമെത്താത്തതിനെ തുടർന്ന് ഉണങ്ങാൻ തുടങ്ങിയിരുന്നത്. നെൽച്ചെടികൾ നട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും വെള്ളം എത്താതെ ഇയാൾ പ്രതിസന്ധിയിലായിരുന്നു. ഇക്കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ജലസേചന വകുപ്പ് ചാവക്കാട് സെക്ഷൻ അസി. എൻജിനിയർ നെവിൻ സന്തോഷിന്റെ അടിയന്തര ഇടപെടലിനെ തുടർന്ന് കാഞ്ഞാണി ലിഫ്റ്റ് ഇറിഗേഷൻ മോട്ടോറിന്റെ കേടുപാടുകൾ തീർത്താണ് കനാൽ വഴി കരപ്പാടത്തേക്ക് വെള്ളം എത്തിച്ചത്. ജലസേചന വകുപ്പിന്റെ വെള്ളത്തെ ആശ്രയിച്ചാണ് ഇവിടങ്ങളിലെ കർഷകർ കൃഷിയിറക്കുന്നത്. വെള്ളം എത്തിക്കാൻ വൈകിയത് ജലസേചന വകുപ്പ് അധികൃതരുടെ അനാസ്ഥയാണെന്നും ആരോപണമുയർന്നിരുന്നു. വെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കർഷകർ അധികൃതർക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ ആറ് വർഷമായി ബാലകൃഷ്ണൻ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പ്രദേശത്തെ തരിശായി കിടക്കുന്ന പാടങ്ങൾ ഏറ്റെടുത്താണ് ഇയാൾ പച്ചക്കറിയും നെല്ലും കൃഷി ചെയ്യുന്നത്. വ്യത്യസ്തയിനം നെൽവിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്യുന്ന ബാലകൃഷ്ണൻ അദ്ധ്യാപകനും കൂടിയാണ്.