വടക്കാഞ്ചേരി: അടിസ്ഥാന സൗകര്യവും ആവശ്യത്തിന് ജീവനക്കാരുമില്ലാതെ തെക്കുംകര വില്ലേജ് ഓഫീസ് പ്രവർത്തനം താളം തെറ്റുന്നു. ഒരു വില്ലേജ് ഓഫീസിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഈ വില്ലേജ് ഓഫീസിലില്ല. മൂന്ന് ചെറിയ കുടുസ് മുറികളിലാണ് ഓഫീസിന്റെ പ്രവർത്തനം. കാർഷിക മേഖലയായ ഈ പ്രദേശത്ത് നൂറ് കണക്കിനാളുകളാണ് ഓരോ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിൽ എത്തുന്നത്. വിവിധ ആവശ്യങ്ങൾക്കായി പ്രതിദിനം നൂറുകണക്കിനാളുകൾ വന്നെത്തുന്ന ഓഫീസിലാകട്ടെ പൊതുജനങ്ങൾക്ക് കാത്തിരിക്കാൻ ഇരിപ്പിടം പോലുമില്ല. ജനങ്ങൾക്ക് ഇരിക്കാനായി ഇരിപ്പിടങ്ങളുമില്ല. പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയ സ്ഥലത്താണ് മഴ നനയാതെയും വെയിൽ കൊള്ളാതെയും ജനങ്ങൾ വരി നിൽക്കേണ്ടത്.
വില്ലേജ് ഓഫീസറടക്കം ഈ ഓഫീസിൽ ആകെയുള്ളത് ആറ് ജീവനക്കാരാണ്. ഇതിൽ ചിലർ അവധിയിലാകും. ചില ഉദ്യോഗസ്ഥർ ഭൂമി അളക്കുന്നതിനും മറ്റുമായി പുറത്ത് പോകും. ജീവനക്കാരുടെ കുറവ് മൂലമാണ് വിവിധ ആവശ്യങ്ങൾക്കായെത്തുന്നവർ വലയുന്നത്. കൊവിഡ് മൂലം സാമൂഹ്യ അകലം പാലിക്കേണ്ടതിനാൻ ഓഫീസിന്റെ അകത്തേക്ക് ജനങ്ങൾക്ക് പ്രവേശനം നിഷിദ്ധമാണ്. ഇടപാടുകളെല്ലാം ജനൽ വഴി നടത്തണം. സർട്ടിഫിക്കറ്റുൾപ്പടെയുള്ള കാര്യങ്ങൾക്കായി എത്തുന്നവർ മണിക്കൂറുകൾ ക്യൂ നിന്നിട്ടും രാവിലെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ വൈകുന്നേരം വരെ നിന്നാലും ആവശ്യം സാധിക്കാതെ വീട്ടിലേക്ക് മടങ്ങിപ്പോകുന്ന അവസ്ഥയാണുള്ളത്. കാര്യം സാധിക്കാതെ വരുമ്പോൾ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാകുന്നത് ഇവിടെ പതിവാണ്.
വില്ലേജ് ഓഫീസിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഒരു മാസം മുമ്പ് നാട്ടുകാർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. തഹസിൽദാർ ഇടപെട്ടാണ് പിന്നീട് പ്രശ്‌നം പരിഹരിച്ചത്. വില്ലേജ് ഓഫീസ് മറ്റൊരിട ത്തേക്ക് മാറ്റുന്നതിനും കൂടുതൽ ജീവനക്കാരെ നിയമിക്കാനും തീരുമാനമെടുത്തിരുന്നെങ്കിലും ഇതുവരെ നടപടി ആയില്ല.
തെക്കുംകര, മണലിത്തറ എന്നീ രണ്ട് വില്ലേജുകൾ ചേർന്ന ഗ്രൂപ്പ് വില്ലേജാണ് തെക്കുംകര വില്ലേജ് ഓഫീസ്. അത്താണി മുതൽ ചേലക്കരക്കടുത്ത എളനാട് വരെ നീണ്ടുകിടക്കുന്ന പ്രദേശമുൾപ്പെടുന്നതാണ് തെക്കുംകര വില്ലേജ് ഓഫീസിന്റെ പരിധി.