 
ചാലക്കുടി: തദ്ദേശവാസികൾക്ക് ഉപജീവനമാർഗവും വിനോദസഞ്ചാരികൾക്ക് സൗകര്യങ്ങളും ലഭ്യമാക്കുന്ന മേഖലയായി അതിരപ്പിള്ളിയെ രൂപപ്പെടുത്തുന്ന മാസ്റ്റർപ്ലാനിന് വനം, വിനോദ സഞ്ചാരം, റവന്യൂ വകുപ്പുകൾ സംയുക്തമായി രൂപം നൽകണമെന്ന് സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. മലക്കപ്പാറ ഫെസിലിറ്റേഷൻ സെന്റർ നിർമാണ പരോഗതി അവലോകനം ചെയ്യാനായി വിളിച്ച് ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസികളുടെ ഉടമസ്ഥതയിൽ അതിരപ്പിള്ളിയിൽ പെട്രോൾ ബങ്ക് ആരംഭിക്കുന്നതിന് വനംവകുപ്പിന്റെ സഹകരണം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണംകുഴിയിൽ നിർമ്മാണം പരോഗമിക്കുന്ന കെ.ടി.ഡി.സിയുടെ ഡോർമിറ്ററി നിർമ്മാണ പ്രവർത്തനങ്ങൾ ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന് യോഗത്തിൽ ജില്ലാ കളക്ടർ ഹരിത വി.കുമാർ നിർദ്ദേശിച്ചു.
നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, വാഴച്ചാൽ ഡി.എഫ്.ഒ. ആർ. ലക്ഷ്മി, ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി കെ.പി. രാധാകൃഷ്ണ പിള്ള, സെക്രട്ടറി സജിഫ് ഹംസ, തഹസിൽദാർ ഇ.എൻ. രാജു, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ജി. പ്രദീപ്, റിസോർട്ട് ഉടമ പ്രതിനിധികളായ മുരളി അമ്പാടി, ജീമോൻ പുളിക്കൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.