പാവറട്ടി: പാവറട്ടി-അമല പി.ഡബ്ല്യു.ഡി റോഡിലെ പെരുവല്ലൂർ-പരപ്പുഴ പാലത്തിന് സമാന്തരമായി ഉടൻ റോഡ് നിർമ്മിക്കുമെന്ന് മുരളി പെരുനെല്ലി എം.എൽ.എ. പരപ്പുഴ പാലം നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലതാമസം കൂടാതെ സമാന്തര റോഡ് നിർമ്മിക്കുന്നതിനാവശ്യമായ വിധത്തിൽ എം.എൽ.എ ചീഫ് എൻജിനീയറുമായി ബന്ധപ്പെട്ടു. ചീഫ് എൻജിനീയർ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് സമാന്തര റോഡിന്റെ നിർമ്മാണം ഉടൻ നടത്താനുള്ള നിർദ്ദേശം നൽകി. പാലത്തിന്റെ നിർമ്മാണം വേഗത്തിൽ നടത്താനാവശ്യമായ രീതിയിൽ സമയം ക്രമികരിച്ച് പണികൾ പൂർത്തികരിക്കും. യോഗത്തിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, ഡെപ്യൂട്ടി തഹസിൽദാർ എം.ജി. ജോസഫ്, പാലം വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ റെജീന ബീവി, അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ സന്തോഷ് കുമാർ, അസി. എൻജിനീയർ ടി.ആർ. ജിതിൻ എന്നിവർ പങ്കെടുത്തു.