1
കൂ​നൂ​രി​ലെ​ ​ഹെ​ലി​കോ​പ്റ്റ​ർ​ ​ദു​ര​ന്ത​ത്തി​ൽ​ ​മ​രി​ച്ച​ ജൂ​നി​യ​ർ​ ​വാ​റ​ന്റ് ​ഓ​ഫീ​സ​ർ​ ​പ്ര​ദീ​പി​ന്റെ​ ​ഭൗ​തി​ക​ ​ശ​രീ​രം​ ​പൊ​തു​ ​ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ദീ​പ് ​പ​ഠി​ച്ച​ ​തൃ​ശൂ​ർ​ ​പു​ത്തൂ​ർ​ ​ഗ​വ.​ ​സ്‌​കൂ​ളി​ലേ​ക്ക് ​കൊ​ണ്ടു​വ​രു​ന്നു. ​

തൃശൂർ: ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി, കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും കണ്ണീരിൽ മുങ്ങിയ യാത്രാമൊഴി സ്വീകരിച്ച് ധീരസൈനികൻ പിറന്നമണ്ണിലേക്ക് മടങ്ങി. ബുധനാഴ്ച ഹെലികോപ്റ്റർ അപകടത്തിൽ ദാരുണമായി മരിച്ച എ. പ്രദീപിനെ ഒരു നോക്കുകാണാൻ കൊതിച്ചവരായിരുന്നു പൊന്നൂക്കരയിലും മറ്റുമുള്ള ആയിരങ്ങൾ. രണ്ടുദിവസം അവർ കണ്ണിമ ചിമ്മാതെ കാത്തിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ രാത്രി വൈകും വരെ മൃതദേഹം കൊണ്ടുവരുന്നത് സംബന്ധിച്ച് അവ്യക്തതയുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ട് കോയമ്പത്തൂരിലെത്തിച്ച് ഞായറാഴ്ച രാവിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് പലപ്പോഴായി തീരുമാനം മാറിമറിഞ്ഞു. വീട്ടുകാർക്കും ജില്ലാ ഭരണകൂടത്തിനും മന്ത്രിമാർക്കുമെല്ലാം കൃത്യമായ അറിയിപ്പ് വന്നത് ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു. പിന്നീട് പെട്ടെന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കി. പുത്തൂർ ഗവ. സ്‌കൂളിൽ പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ വെള്ളിയാഴ്ച രാവിലെ തന്നെ തുടങ്ങിയിരുന്നു. പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു തയ്യാറെടുപ്പുകൾ.

അപകടത്തിൽപെട്ട ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. മതിക്കുന്ന് എൽ.പി സ്‌കൂളിലും പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും തൃശൂർ ഗവ. ഐ.ടി.ഐയിലും പഠനം പൂർത്തിയാക്കിയാണ് വ്യോമസേനയിൽ ചേരുന്നത്.

ആരുടെയും ക്ഷണമില്ലാതെ തന്നെ വന്നെത്തിയ നിരവധിപേരുടെ നിശബ്ദസാന്നിദ്ധ്യം കൊണ്ട് മുഖരിതമായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി പ്രദീപിന്റെ വസതി. മന്ത്രി കെ. രാജൻ സംഭവം അറിഞ്ഞയുടനെ പൊന്നൂക്കരയിലെ വസതിയിലെത്തിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹം നടപടികൾക്ക് നേതൃത്വം നൽകി.

ജനപ്രതിനിധികൾ, വിവിധ സൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ, പ്രദീപിന്റെ സുഹൃത്തുക്കൾ തുടങ്ങി നിരവധി പേർ പൊന്നൂക്കരയിലെ വീട്ടിലെത്തി. സംസ്‌കാരച്ചടങ്ങിനായി ജവാൻമാരുടെ ക്ഷേമനിധിയിൽ നിന്നും 50000 രൂപയുടെ ചെക്ക് മേജർ ഷിബുവും തഹസിൽദാർ ജയശ്രീയും ചേർന്ന് പ്രദീപിന്റെ അമ്മയ്ക്ക് കഴിഞ്ഞദിവസം കൈമാറിയിരുന്നു.

ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ഹെലികോപ്റ്ററിൽ പോകുന്ന വിവരം തലേദിവസം ഫോൺ വിളിച്ചപ്പോൾ പ്രദീപ് അമ്മയോട് സൂചിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ വിളി വരാഞ്ഞതിനാൽ പോയിട്ടുണ്ടാകില്ലെന്നാണ് അമ്മ കരുതിയത്.
എല്ലാ ഉത്തരവാദിത്വങ്ങളും ആവേശത്തോടെ ഏറ്റെടുക്കുകയും നിറവേറ്റുകയും ചെയ്യുന്ന പ്രകൃതമായിരുന്നു പ്രദീപിന്റേത്. ചെറുപ്പം മുതൽക്കേ പരോപകാരിയും കഠിനാദ്ധ്വാനിയുമായിരുന്നുവെന്ന് നാട്ടുകാരും അദ്ധ്യാപകരും സുഹൃത്തുക്കളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.