bindu

രാത്രി നടത്തത്തിൽ മന്ത്രി ബിന്ദു പങ്കെടുക്കുന്നു.

തൃശൂർ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ലിംഗവിവേചനത്തിനും എതിരെയുള്ള 'ഓറഞ്ച് ദ വേൾഡ്' പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ വനിതാ ശിശു വികസന വകുപ്പ് വനിതകൾക്കായി 'രാത്രി നടത്തം' സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11ന് തൃശൂർ ടൗണിലെ പത്തോളം സ്ഥലങ്ങളിൽ നിന്നും ആരംഭിച്ച രാത്രി നടത്തം തെക്കെ ഗോപുര നടയിൽ പുലർച്ചെ രണ്ടിന് സമാപിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് സംഘടിപ്പിച്ച രാത്രി നടത്തം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അദ്ധ്യക്ഷയായി. ഇരിങ്ങാലക്കുട സി.ഡി.പി.ഒ എം. ഷംസാദ് ദീപം തെളിച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാട്ടൂർ, കാറളം പഞ്ചായത്തുകളിൽ നിന്നുള്ള സംഘങ്ങൾ പൊറത്തിശ്ശേരി മഹാത്മാ സ്‌കൂൾ വരെയും പറപ്പൂക്കര, മുരിയാട് ഗ്രാമപഞ്ചായത്തുകളിൽ നിന്നുമുള്ള സംഘം മാടായിക്കോണം സ്‌കൂൾ വരെയും നടന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ 400 ഓളം വനിതകൾ രാത്രി നടത്തത്തിൽ പങ്കെടുത്തു.
പൊതു ഇടങ്ങൾ സ്ത്രീകളടേതുമാണെന്ന സന്ദേശം സമൂഹത്തിന്റെ എല്ലാ തട്ടിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു, കളക്ടർ ഹരിത വി. കുമാർ എന്നിവർക്കൊപ്പം സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, റസിഡന്റ് അസോസിയേഷൻ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ പ്രചരണത്തിന്റെ ഭാഗമായി.