suresh
സുരേഷ് കാളിയത്ത്.

ചേലക്കര: മികച്ച കലാകാരൻമാർക്ക് കേന്ദ്ര സാംസ്‌കാരിക വകുപ്പ് ഏർപ്പെടുത്തിയ സീനിയർ ഫെല്ലോഷിപ്പിന് തുള്ളൽ കലാകാരനും അദ്ധ്യാപകനുമായ കലാമണ്ഡലം സുരേഷ് കാളിയത്ത് അർഹനായി. തുള്ളൽ കലയുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിനാണ് രണ്ട് വർഷത്തെ ഫെല്ലോഷിപ്പ്. തൃശൂർ ജില്ലയിലെ കിള്ളിമംഗലം സ്വദേശിയാണ്. തുള്ളലിൽ സ്‌കോളർഷിപ്പിനും ജൂനിയർ ഫെല്ലോഷിപ്പിനും സീനിയർ ഫെല്ലോഷിപ്പിനും അർഹനായ ആദ്യ കലാകാരനാണ് സുരേഷ് കാളിയത്ത്. പോണ്ടിച്ചേരി ആദിശക്തി റിസർച്ച് സെന്ററിലും കേരള കലാമണ്ഡലത്തിലും അദ്ധ്യാപകനായിരുന്നു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി അബുദാബിയിൽ വിസിറ്റിംഗ് പ്രൊഫസറായും പ്രവർത്തിച്ചു. കേരള യുവജനക്ഷേമ വകുപ്പിന്റെ പ്രഥമ 'സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്‌കാരം' ഉൾപ്പെടെയുള്ള ഒട്ടേറെ പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. പതിനഞ്ച് വിദേശ രാജ്യങ്ങളുൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ വേദികളിൽ കലാവതരണം നടത്തിയിട്ടുണ്ട്.