p

തൃശൂർ : കൂനൂർ കോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചത് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇന്നലെ രാവിലെ ഏഴിന് മൃതദേഹവുമായി വിമാനം ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ അവിടെയെത്തി. മൃതദേഹത്തിന് അഭിവാദ്യം അർപ്പിച്ച ശേഷം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ അനുഗമിച്ചു.

അപകടത്തിൽ മരിച്ച ബംഗളൂരു സ്വദേശി സായ്‌തേജയുടെ മൃതദേഹവും ഇതേ വിമാനത്തിലായിരുന്നു കൊണ്ടു വന്നത്. കേന്ദ്രമന്ത്രിക്ക് പുറമെ വ്യോമസേനയുടെ നാല് ഉയർന്ന ഉദ്യോഗസ്ഥരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ആദ്യം കോയമ്പത്തൂരിൽ പ്രദീപിന്റെ ഭൗതിക ശരീരം എത്തിച്ച ശേഷമാണ് സായ്‌തേജയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയത്. കോയമ്പത്തൂർ സുലൂർ വിമാനത്താവളത്തിൽ നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി വിലാപയാത്രയ്ക്കായി വിട്ടു നൽകാനും മന്ത്രി വി. മുരളീധരന്റെ ഇടപെടലിലൂടെ കഴിഞ്ഞു. അവിടെ നിന്ന് വാളയാർ , വാണിയാമ്പാറ വഴി വിലാപയാത്രയിൽ കേന്ദ്രമന്ത്രിയും ചേർന്നു.

പ്രദീപ് പഠിച്ച പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ആദ്യം കേന്ദ്ര സർക്കാരിന് വേണ്ടി റീത്ത് സമർപ്പിച്ചു. അവിടെ നിന്ന് പൊന്നൂക്കരയിലെ വീട്ടിലെത്തി അമ്മയെയും ഭാര്യ ശ്രീലക്ഷ്മിയെയും ആശ്വസിപ്പിച്ചു. തുടർന്ന് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്‌കാരച്ചടങ്ങുകൾക്ക് ശേഷമാണ് കേന്ദ്രമന്ത്രി തിരികെ പോയത്.

മൃതദേഹം ഇന്നലെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ഞായറാഴ്ച മാത്രമേ മൃതദേഹം നാട്ടിലെത്തിക്കൂവെന്ന തരത്തിലായിരുന്നു വാർത്തകൾ. എന്നാൽ ഹൈദരാബാദിൽ നിന്ന് ഡി.എൻ.എ പരിശോധനാ ഫലം വെള്ളിയാഴ്ച രാത്രി എട്ടോടെ ലഭിച്ചതായും അതോടെ ഇന്നലെ രാവിലെ തന്നെ പുറപ്പെടുമെന്ന വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായും വി. മുരളീധരൻ 'കേരളകൗമുദി"യോട് പറഞ്ഞു.