കുന്നംകുളം: ദീർഘദൂര യാത്രികർക്ക് വിശ്രമത്തിനും ലഘുഭക്ഷണത്തിനും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപ്പിച്ച ടേക്ക് എ ബ്രേക്ക് പദ്ധതിയിലുൾപ്പെടുത്തി ചൂണ്ടൽ പഞ്ചായത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. തൃശൂർ-കുന്നംകുളം സംസ്ഥാന പായോരത്ത് മഴുവഞ്ചേരിയിൽ മൃഗാശുപത്രിക്കും വില്ലേജ് ഓഫീസിനും സമീപത്തായാണ് കെട്ടിടം നിർമ്മിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ചൂണ്ടൽ പഞ്ചായത്തിൽ ടേക്ക് എ ബ്രേക്ക് പദ്ധതിക്കായുള്ള കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. പിന്നീട് കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിർമ്മാണം നിലയ്ക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ പഞ്ചായത്ത് ഭരണ സമിതിയുടെ ഇടപെടലിനെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് പുനരാരംഭിച്ച കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഇലക്ട്രിക്കൽ, ടൈൽ, സാനിറ്ററി, പെയിന്റിംഗ് ജോലികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഒരു മാസത്തിനുള്ളിൽ ബാക്കിയുള്ള പ്രവൃത്തികൾ പൂർത്തീകരിച്ച് പുതുവർഷത്തിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഉദ്ഘാടനം നടത്താനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. അവസാന ഘട്ടത്തിലെ കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ, വൈസ് പ്രസിഡന്റ് പി.ടി. ജോസ് എന്നിവരെത്തിയിരുന്നു. 1000 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ, ഭിന്നശേഷിക്കാർക്കായുള്ള ശൗചാലയം, സ്ത്രീകൾക്കും പുരുഷൻമാരുക്കുമുള്ള ടോയ്ലെറ്റ് സൗകര്യം, ഫീഡിംഗ് കോർണർ എന്നിവയും കഫറ്റീരിയയുമാണ് ഒരുക്കുന്നത്. 30 ലക്ഷത്തോളം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. കെട്ടിടത്തിന് സമീപത്തുള്ള തച്ചാട്ട് കുളത്തിന്റെ സൗന്ദര്യവത്കരണവും പദ്ധതിയുടെ ഭാഗമായി നടത്തും. നഗര സഞ്ചിക, ഗ്രാമ പഞ്ചായത്ത്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയിൽ നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.