മുനയ്ക്കലിൽ സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യം
കൊടുങ്ങല്ലൂർ: അഴീക്കോട് മുനയ്ക്കലിൽ കൽമുട്ടിൽ സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സിഗ്‌നൽ ലൈറ്റ് ഇല്ലാത്തത് മൂലം രാത്രിയിൽ മത്സ്യബന്ധനം കഴിഞ്ഞുവരുന്നവർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. മത്സ്യതൊഴിലാളികൾ വെളിച്ചക്കുറവ് മൂലം കര കാണാൻ കഴിയാതെ പ്രയാസപ്പെടുകയാണ്. നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ കൽമുട്ട് ഇരുനൂറിലധികം മീറ്റർ ദൂരം പടിഞ്ഞാറ് ഭാഗത്തേക്ക് നീട്ടി പണിതതോടെയാണ് വെളിച്ചക്കുറവ് അനുഭവപ്പെട്ടു തുടങ്ങിയത്.
പുതുതായി നീട്ടി പണിത സ്ഥലത്ത് സിഗ്‌നൽ ലൈറ്റ് ഇതുവരെ സ്ഥാപിച്ചിട്ടില്ല. രാത്രിയിൽ വള്ളങ്ങളും ബോട്ടുകളും ദിക്ക് തെറ്റി കരയിലേക്ക് കയറാനും കൽമുട്ടിൽ ഇടിക്കാനും സാദ്ധ്യതയേറെയാണ്. മഞ്ഞുകാലം ആരംഭിക്കുന്നതോടെ സിഗ്‌നൽ ലൈറ്റ് ഇല്ലാതെ വന്നാൽ വൻ അപകടത്തിന് കാരണമാകുമെന്ന ആശങ്കയും മത്സ്യതൊഴിലാളികൾ പങ്കുവയ്ക്കുന്നുണ്ട്. അകലെ നിന്നും കാണാൻ കഴിയാവുന്ന വലിയ സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ച് അപകട സാദ്ധ്യത ഒഴിവാക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.
മത്സ്യതൊഴിലാളികളുടെ ജീവന് ഭീഷണിയുള്ള കൽമുട്ടിൽ അടിയന്തരമായി സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കാൻ ഫിഷറിസ് ഡിപ്പാർട്ട്‌മെന്റ് നടപടി സ്വീകരിക്കണം.
പി.കെ. മുഹമ്മദ്
കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ, എറിയാട് പഞ്ചായത്ത്
കെ.എം. സാദത്ത്
പഞ്ചായത്ത് അംഗം