 
തൃശൂർ: രോഗശയ്യയിലായ അച്ഛൻ, മകന്റെ വിയോഗത്തിൽ തളർന്ന അമ്മ, ഭർത്താവ് നഷ്ടപ്പെട്ട വേദനയിൽ ഉള്ളുലഞ്ഞ സഹോദര ഭാര്യ, കാണാമാറയത്തേക്ക് അച്ഛൻ പോയതറിയാതെ ചുംബനം നൽകുന്ന രണ്ട് പിഞ്ചോമനകൾ... ഇവരെയെല്ലാം ആശ്വസിപ്പിക്കാൻ മനസാന്നിദ്ധ്യം കൈവിടാതെ സഹോദരൻ പ്രസാദ്. ഇന്നലെ ഉച്ചയ്ക്ക് പൂത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് ജ്യേഷ്ഠന്റെ ചേതനയറ്റ ശരീരം കൊണ്ടുവരുന്നതിന് അരമണിക്കൂർ മുമ്പ് സ്‌കൂളിൽ ബന്ധുക്കൾക്ക് ഒപ്പം എത്തിയ പ്രസാദ് ഏറെ നേരം കണ്ണടച്ചിരുന്നു. ഭൗതിക ശരീരം സ്‌കൂളിന്റെ അകത്തളത്തിലേക്ക് എത്തിച്ചപ്പോൾ കണ്ണടച്ച് തൊഴുത് പ്രാർത്ഥിച്ചു. തുടർന്ന് എതാനും ദിവസം മുമ്പ് എല്ലാവരോടും യാത്രപറഞ്ഞ് ഇറങ്ങിയ സോഹദരന്റെ ചേതനയറ്റ ശരീരം വീട്ടിലേക്ക് എത്തിക്കുമ്പോൾ സുഹൃത്തുകൾ നൽകിയ ആത്മധൈര്യം കൈവിടാതെ എല്ലാവരെയും ആശ്വസിപ്പിക്കുകയായിരുന്നു പ്രസാദ്. പ്രദീപും പ്രസാദും തമ്മിൽ ഏറെ ആത്മബന്ധമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.