p

തൃശൂർ: ലീഗൽ മെട്രോളജി വകുപ്പിലെ സ്വകാര്യവത്കരണം ചെറുക്കാൻ ജില്ലാ ആസ്ഥാനങ്ങളിൽ എൻ.എ.ബി.എൽ അംഗീകാരമുള്ള ലാബുകൾ സ്ഥാപിക്കുമെന്നും മിന്നൽ പരിശോധനകൾ തുടരുമെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. തൃശൂരിൽ നടക്കുന്ന കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ.ജെ. ഫ്രാൻസിസ് നഗറിലെ (ടൗൺ ഹാൾ) സമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ജി.ആർ. രാജീവ് സ്വാഗതം പറഞ്ഞു. എം.എം. നജീം, ജ്യോതി എലിസബത്ത് ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്വകാര്യവത്കരണവും തൊഴിൽ നിയമ ഭേദഗതികളും എന്ന വിഷയത്തിൽ നടന്ന സെമിനാർ പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് അനൂപ് വി. ഉമേഷ്, ടി. വിജയകുമാർ, കെ.എ. ശിവൻ, വി.വി. ഹാപ്പി തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനവും ഉപഹാര സമർപ്പണവും മന്ത്രി കെ. രാജൻ നിർവഹിക്കും.