 
കൊടുങ്ങല്ലൂർ: ആദ്യാക്ഷരം കുറിച്ച വിദ്യാലയത്തിലെ ഓർമ്മകൾ പങ്കുവച്ചപ്പോൾ മന്ത്രി പ്രൊഫ. ആർ. ബിന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ പഠിപ്പിച്ച അദ്ധ്യാപകരുടെ പേരുകൾ എടുത്തു പറഞ്ഞും, നൃത്തത്തിൽ തനിക്ക് ആദ്യമായി കിട്ടിയ സമ്മാനം ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നുണ്ടെന്നും, ആ സമ്മാനം വാങ്ങിയ വേദിയിൽ ഇപ്പോൾ മന്ത്രിയായി ആദരവ് ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു. കൊടുങ്ങല്ലൂർ ഗവ. ബോയ്‌സ് എൽ.പി സ്‌കൂളിൽ മാതൃവിദ്യാലയത്തിന്റെ സ്‌നേഹാദരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഡച്ച് മാതൃകയിൽ പണിതീർത്ത സ്‌കൂളിന്റെ വികസനത്തിനായി പദ്ധതി തയ്യാറാക്കുമെന്നും അവർ പറഞ്ഞു. നവീകരിച്ച ക്ലാസ് റൂം ലൈബ്രറികളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. വി.ആർ. സുനിൽ കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. വായനാവസന്തം പരിപാടി ബാല സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ, ഷീല പണിക്കശ്ശേരി, അഡ്വ. ഡി.ടി.വെങ്കിടേശ്വരൻ, അഡ്വ. വി.എസ്. ദിനിൽ എന്നിവർ സംസാരിച്ചു. യു.ടി. പ്രേംനാഥ് മന്ത്രിയ്ക്ക് ഉപഹാരം നൽകി.