തൃശൂർ: മൃതദേഹം ഏറ്റുവാങ്ങാൻ കോയമ്പത്തൂർ സുലുർ വിമാനത്താവളത്തിലെത്തി ടി.എൻ. പ്രതാപൻ എം.പി. ഇന്നലെ രാവിലെ 11.05ന് പ്രദീപിന്റെ ഭൗതിക ശരീരം ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ എത്തിച്ചപ്പോൾ തൃശൂർ പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടി.എൻ. പ്രതാപൻ അവിടെ എത്തിയിരുന്നു. തുടർന്ന് വിലാപയാത്രയിൽ അനുഗമിച്ചു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി ആചാര പ്രകാരം സംസ്‌കരിക്കുന്നതിന് നടപടിയെടുക്കണമെന്ന് നേരത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് എം.പി കത്ത് നൽകിയിരുന്നു. പ്രതാപന് ഒപ്പം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും ഉണ്ടായിരുന്നു. മന്ത്രി കെ. രാജനും കളക്ടർ ഹരിത വി. കുമാറും ദുരന്ത വാർത്ത അറിഞ്ഞത് മുതൽ പലതവണ പ്രദീപിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു. ഇന്നലെ രാവിലെ പൊന്നൂക്കരയിലെ വീട്ടിലെത്തിയ ശേഷമാണ് വാളയാറിലേക്ക് പോയത്. വാളയാറിൽ കോയമ്പത്തൂരിൽ നിന്ന് വിലാപ യാത്രയായി എത്തിച്ച മൃതദേഹം സംസ്ഥാനത്തിന് വേണ്ടി ഏറ്റുവാങ്ങിയത് മന്ത്രി കെ. രാജന്റെ നേതൃത്വത്തിലായിരുന്നു. രമ്യ ഹരിദാസ് എം.പി ഉൾപ്പെടെയുള്ളവരും അന്ത്യോപചാരം അർപ്പിക്കാനെത്തി.