കൊടുങ്ങല്ലൂർ: ശ്രീവിദ്യാ പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ പതിമൂന്നാമത് ശ്രീവിദ്യോപാസക സംഗമവും ശ്രീചക്രപൂജയും നടന്നു. തിരുവഞ്ചിക്കുളം ശിവപാർവതി മണ്ഡപത്തിൽ പുലർച്ചെ അഞ്ചിന് മഹാസിദ്ധ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. സംഗീത രത്‌നം ഭുവനേശ്വരി ടീച്ചർ നയിക്കുന്ന നവാവരണ കീർത്തനം, ഭരതനാട്യം, സോപാന സംഗീതം എന്നിവയോടെയുള്ള ശ്രീചക്ര നവാവരണ പൂജ എന്നിവ നടന്നു. ചടങ്ങ് ശ്രീഎം ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതി സീനിയർ അഡ്വ. ഗോവിന്ദ് ഭരതൻ അദ്ധ്യക്ഷനായി. കക്കാട് എഴുന്തോളിൽ മഠം സതീശൻ ഭട്ടതിരി എഴുതിയ ശ്രീവിദ്യ സാധന രഹസ്യം എന്ന പുസ്തകത്തിന്റെ പ്രകാശനം ശ്രീഎം നിർവഹിച്ചു. കൊളത്തൂർ അദ്വൈതാശ്രമം ചിദാനന്ദപുരി സ്വാമികൾ പുസ്തകം ഏറ്റുവാങ്ങി. മൈസൂരിലെ ദക്ഷിണാമൂർത്തി പീഠം ചിന്മയാനന്ദ സരസ്വതി സ്വാമികൾ, ട്രിച്ചി അയ്യർ മലയിലെ പൂജ്യ സ്വാമി പ്രണവാനന്ദ മഹാരാജ, കാരുമാത്ര വിജയൻ ശാന്തി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
ട്രിച്ചി ലളിത മഹിളാ സമാജത്തിലെ അംബാജിമാർ ചടങ്ങിൽ പങ്കെടുത്തു. ശ്രീവിദ്യാ പ്രതിഷ്ഠാനം ചെയർമാൻ എം. ത്രിവിക്രമൻ അടികൾ, പി.എൻ. വേണുഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.