പാവറട്ടി: തോളൂർ വെൽഫയർ ട്രസ്റ്റ് എന്ന സാമൂഹിക സേവന സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. തോളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസൺ അദ്ധ്യക്ഷനായി. കിഡ്‌നി ഫൗണ്ടേഷൻ ഒഫ് ഇന്ത്യയുടെ ചെയർമാനും ആക്ട്‌സിന്റ സ്ഥാപക സെക്രട്ടറിയുമായ ഫാ. ഡേവിസ് ചിറമ്മൽ മുഖ്യ പ്രഭാഷണം നടത്തി.

ആംബുലൻസ് സർവീസ് രംഗത്ത് മാതൃകാ പ്രവർത്തനം നടത്തുന്ന ആക്ട്‌സ് പറപ്പൂർ യൂണിറ്റ് ഭാരവാഹികൾക്ക് എം.എൽ.എ ധനസഹായം കൈമാറി. കേരള പൊലീസിലെ സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ പുരസ്‌കാരം ലഭിച്ച റിട്ട. കമാൻഡന്റും ഇന്ത്യൻ ഫുട്‌ബാൾ ഇതിഹാസവുമായ സി.വി. പാപ്പച്ചന് ജന്മനാടിന്റെ ആദരവും യോഗത്തിൽ വച്ച് നൽകി. ട്രസ്റ്റിന്റെ അംഗത്വ വിതരണം തോളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസൺ പഞ്ചായത്ത് നിവാസികൾക്ക് നൽകി നിർവഹിച്ചു.

കുട്ടികൾക്കും വയോജനങ്ങൾക്കുമായി ട്രസ്റ്റ് വിഭാവനം ചെയ്യുന്ന റിക്രിയേഷൻ പാർക്കിനെ കുറിച്ച് പി.ഡി. വിൻസെന്റ് മാസ്റ്റർ വിശദീകരിച്ചു. വാർഡ് മെമ്പർ ഷീന വിൽസൻ, മാനേജിംഗ് ട്രസ്റ്റി സുനിൽ ജോസഫ്, ട്രസ്റ്റ് അംഗങ്ങളായ സിജോ ജോസ്, തോമസ് ചിറമ്മൽ എന്നിവർ പ്രസംഗിച്ചു.