കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണനാംകുളം മഹാദേവ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. രാത്രി ഏഴിനും എട്ടിനും മദ്ധ്യേ കൊടിയേറ്റം നടക്കും. ഒരാഴ്ച നീളുന്ന ഉത്സവ പരിപാടികൾ 20ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ എട്ട് മുതൽ 11 വരെ ശ്രീഭൂതബലി, ശീവേലി എന്നിവയും രാത്രി ഒമ്പതിന് വിളക്കെഴുന്നള്ളിപ്പും ഉണ്ടാകും.

ചൊവ്വാഴ്ച രാത്രി ഏഴിന് ദേശത്തെ കാലകാരന്മാരുടെ നൃത്തസംഗീത പരിപാടി, ബുധനാഴ്ച രാവിലെ ഏഴിന് പുതശേരി ലികേഷിന്റെ പ്രഭാഷണം, വ്യാഴാഴ്ച രാത്രി ഏഴിന് എൻ.എസ്.എസ് ചെന്ത്രാപ്പിന്നി ദശപുഷ്പം കരയോഗത്തിലെ പ്രവർത്തകരുടെ തിരുവാതിരക്കളി, വെള്ളിയാഴ്ച രാത്രി ഏഴിന് ഓട്ടൻതുള്ളൽ (കിരാതം), ശനിയാഴ്ച രാത്രി ഏഴിന് തായമ്പക, എട്ടിന് വലിയ വിളക്ക്, എന്നിവ നടക്കും.

പള്ളിവേട്ട ദിവസമായ ഞായറാഴ്ച വൈകീട്ട് 4.30ന് കിഴക്കേ നടയിൽ നിന്നും താലം വരവ്, രാത്രി ഒമ്പതിന് പഞ്ചവാദ്യത്തോടെ പള്ളിവേട്ട എഴുന്നള്ളിപ്പ്, തിങ്കളാഴ്ച രാവിലെ എട്ടിന് ആറാട്ടെഴുന്നള്ളിപ്പ്, തുടർന്ന് തിരുവാതിര ഊട്ട് എന്നിവയും ഉണ്ടാകും.