
പുത്തൂർ: ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപിന്റെ നിര്യാണം നികത്താനാവത്ത നഷ്ടമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ. രാജൻ. സംസ്ഥാന സർക്കാർ കുടുംബത്തെ സഹായിക്കാൻ ആവശ്യമായ നടപടികൾ ഗൗരവമായി എടുക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കൂനൂരിൽ ഉണ്ടായ ഹെലികോപ്ടർ ദുരന്തത്തിൽ വീരചരമം പ്രാപിച്ച പ്രദീപ് അറയ്ക്കലിന്റെ നിര്യാണത്തിൽ പുത്തൂർ ഗവണ്മെന്റ് സ്‌കൂളിൽ സംഘടിപ്പിച്ച സർവകക്ഷി അനുശോചന യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
2018 ലെ പ്രളയകാലത്ത് സ്വയം സമർപ്പിതനായി പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് സുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ചു. നാട്ടിലെ എല്ലാ പ്രവർത്തനങ്ങളിലും ഇടപെട്ടിരുന്ന പ്രദീപിന്റെ വേർപാട് മറക്കാനാവാത്ത ദുഃഖമാണെന്നും മന്ത്രി പറഞ്ഞു. പ്രദീപ് ഒരു ദേശത്തിന്റെ പ്രതീകമായും നാടിന്റെ അഭിമാനമായും മാറുകയാണെന്നും മരിക്കാത്ത ഓർമ്മ നിലനിറുത്തിക്കൊണ്ടാണ് പ്രദീപ് ഓർക്കുകയെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ ഡേവിസ് അനുസ്മരിച്ചു. ധീര സേനാനിയുടെ കുടുംബത്തോടൊപ്പം കൈപിടിക്കാൻ സർക്കാർ സംവിധാനം ഒപ്പമുണ്ടാകുമെന്ന് കളക്ടർ ഹരിത വി. കുമാറും അനുസ്മരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ. ജോസഫ് ടാജറ്റ്, ടി. എസ് മുരളീധരൻ, കെ. വി സജു, ജയകുമാർ തുപ്പനിക്കാട്ട്, കെ. പി പോൾ, ഒല്ലൂർ എ.സി.പി കെ. സി സേതു, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവരും പ്രദീപിനെ അനുസ്മരിച്ചു.
ആശ്വാസ വാക്കുകളുമായി പ്രമുഖർ
തൃശൂർ : ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച പ്രദീപിന്റെ കുടുംബാംഗങ്ങളെ ആശ്വാസിപ്പിക്കാൻ പൊന്നൂക്കരയിലെ അറയ്ക്കൽ വീട്ടിലേക്ക് ഇപ്പോഴുമെത്തുന്നത് ധാരാളം പേർ. ശനിയാഴ്ച്ച ആയിരക്കണക്കിന് പേരുടെ സാന്നിദ്ധ്യത്തിലാണ് വീട്ടുവളപ്പിൽ പ്രദീപിന്റെ മൃതദേഹം സംസ്കരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സ്പീക്കർ എം.ബി. രാജേഷ് വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വാസിപ്പിച്ചു. ഭാര്യ ശ്രീലക്ഷ്മി, മക്കൾ, പിതാവ് , അമ്മ തുടങ്ങിയവരെ കണ്ട് ഏറെ നേരം ചെലവഴിച്ചാണ് മടങ്ങിയത്. ഇന്നലെയും നിരവധി ബന്ധുക്കളും സാമൂഹിക സാസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും വീട്ടിലെത്തി. പ്രദീപിന്റെ നാട്ടിലെ സുഹൃത്തുക്കളും എല്ലാ സമയവും കുടുംബത്തിന് താങ്ങായി അവിടെയുണ്ട്. പ്രദീപ് സേനയിൽ ഉപയോഗിച്ചിരുന്ന യൂണിഫോമും മൃതദേഹത്തിൽ പുതപ്പിച്ച ദേശീയപതാകയും ഭാര്യ ശ്രീലക്ഷ്മിക്ക് കൈമാറിയിരുന്നു. സംസ്കാര ചടങ്ങിന്റെ അവസാനം പ്രിയതമന് സല്യൂട്ട് നൽകിയാണ് ശ്രീലക്ഷ്മി യാത്രയാക്കിയത്.