ചാലക്കുടി: കോടതി ജംഗ്ഷനിലെ സർക്കാർ ഓഫീസുകളെല്ലാം ഇപ്പോൾ ഫയൽ പൊടി തട്ടുന്ന തിരക്കിലാണ്. ദിവസം ഒരുവട്ടമെങ്കിലും ഫയലിലെ പൊടി തട്ടണം. തിങ്കളാഴ്ച ഇതിനായി കാര്യമായ പ്രയത്നം ആവശ്യമാണ്.

ദേശീയപാത അതോറിറ്റിയുടെ അടിപ്പാത നിർമ്മാണം നടക്കുന്നത് മൂലമാണ് പൊടിശല്യം രൂക്ഷമായ്ത. പ്രദേശത്തെ എല്ലാ സ്ഥാപനങ്ങളെയും പൊടിശല്യം ബാധിക്കുന്നുണ്ട്. ഫയലുകളെ കൂടാതെ എല്ലാ വസ്തുക്കളുടെയും നിറം മാറുന്നുണ്ട്. ആരോഗ്യ പ്രശ്‌നവും പൊടി മൂലം ഉണ്ടാകുന്നുവെന്നാണ് പരാതി.

മുഖാവരണം ഉണ്ടായിട്ടും ആളുകൾക്ക് ശ്വാസതടസം ഉൾപ്പെടെയുള്ള അസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ട്. നിരവധി പേർക്ക് കണ്ണുകളെയും ദോഷമായി ബാധിക്കുന്നു. അരമണിക്കൂറോളം ദേശീയപാതയ്ക്ക് അരികത്ത് നിൽന്നാൽ ആളുടെ രൂപം മാറുമെന്നതാണ് അവസ്ഥ. സിവിൽ സ്റ്റേഷനിലെ മോട്ടോർ വാഹന വകുപ്പിന്റേത് ഉൾപ്പെടെ എല്ലാ ഓഫീസുകളും പൊടി ഭീഷണിയിലാണ്.

വനംവകുപ്പിന്റെ മൊബൈൽ സ്‌ക്വാഡ് ഓഫീസ്, നഗരസഭാ ജൂബിലി മന്ദിരത്തിലെ കടകളും ഓഫീസുകളും തുടങ്ങിയവയാണ് പ്രധാനമായും ദുരതിത്തിലായത്. മഴ നിലച്ചതോടെയാണ് പൊടി ശല്യം അതിരൂക്ഷമായത്. തകർന്ന റോഡ് താത്കാലികമായി സഞ്ചാര യോഗ്യമാക്കുന്നതിന് ഇട്ട ക്വാറി വേസ്റ്റാണ് പ്രധാന വില്ലൻ.

തകർന്ന റോഡിന്റെ താത്കാലിക അറ്റകുറ്റപ്പണികൾക്കാണ് പാറമടയിലെ പൊടിയെ ആശ്രയിച്ചത്. കടന്നു പോകുന്ന വാഹനങ്ങൾക്കൊപ്പം പൊടിയും ഉയർന്നു പൊങ്ങുന്നു. പ്രദേശത്ത് അടിയന്തരമായി ടാറിംഗ് വേണമെന്നാണ് എല്ലാ വിഭാഗങ്ങളും ഒരേ സ്വരത്തിലുള്ള ആവശ്യം.