കൊടുങ്ങല്ലൂർ : കോട്ടപ്പുറം - ചന്തപ്പുര ബൈപാസ് റോഡ് തുറന്നിട്ട് ഏഴ് വർഷം കഴിഞ്ഞിട്ടും വഴിവിളക്ക് സ്ഥാപിക്കുന്നതിലുള്ള അനിശ്ചിതത്വം തുടരുന്നു. കൊടുങ്ങല്ലൂർ ലീഗൽ സർവീസ് അതോറിറ്റിയിൽ ജനക്ഷേമ പ്രതികരണ സംഘത്തിന് വേണ്ടി പി.എ സീതി മാസ്റ്റർ ഫയൽ ചെയ്ത ഹർജിയിൽ നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ (കാക്കനാട്) പ്രതിനിധികൾ സംസ്ഥാന പൊതുമരാമത്ത് ദേശീയ പാത വിഭാഗത്തിനാണ് വിളക്കുകൾ സ്ഥാപിക്കേണ്ട ഉത്തരവാദിത്വമെന്ന് അതോറിറ്റി മുമ്പാകെ വെളിപ്പെടുത്തി. ഈക്കാര്യം രേഖാമൂലം ഹർജിക്കാരെ അറിയിക്കാനും ഏഴ് ദിവസത്തിനകം എൻ.ഒ.സിയും രേഖാമൂലമുള്ള അറിയിപ്പും നൽകാനും നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ പ്രതിനിധികളായ ഹരി ഗോവിന്ദനോടും, കെ.ബി. ബാബുവിനോടും ലീഗൽ സർവീസ് അതോറിറ്റി നിർദ്ദേശം നൽകി.