പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ പത്ത് ലക്ഷം രൂപയുടെ പദ്ധതിയിൽ അഞ്ച് ലക്ഷം രൂപയുടെ അഴിമതി നടന്നതായും വിജിലൻസ് അന്വേഷണം നടത്തണം എന്നും യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഭരണപക്ഷം ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. 2019-20-21 വാർഷിക പദ്ധതിയിൽ കോൾപ്പടവുകൾക്ക് 10 എച്ച്.പിയുടെ 10 മോട്ടോർ പമ്പ് സെറ്റുകൾ വാങ്ങുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു. 91, 500 രൂപ വീതം ചെലവഴിച്ചാണ് മോട്ടോർ സെറ്റുകൾ വാങ്ങിയത്. ഗുണനിലവാരമുള്ള മോട്ടോർ പമ്പ് സെറ്റുകൾ മാർക്കറ്റിൽ 41,000 രൂപയ്ക്ക് ലഭിക്കുമെന്നിരിക്കെയാണ് പദ്ധതി വഴി സാമ്പത്തിക ദുർവിനിയോഗം നടത്തിയതെന്ന് യു.ഡി.എഫ് ആരോപിച്ചു. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യമുള്ളതെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി. ഭരണസമിതി യോഗം വിജിലൻസ് അന്വേഷണ ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി. ബ്ലോക്ക് പഞ്ചായത്ത് കവാടത്തിൽ ധർണ നടത്തി. യു.ഡി.എഫ് അംഗങ്ങളായ ഒ.ജെ. ഷാജൻ മാസ്റ്റർ, ഷെറീഫ് ചിറക്കൽ, ഗ്രേസി ജേക്കബ്, മിനി ലിയോ എന്നിവരാണ് ഇറങ്ങിപ്പോക്ക് നടത്തിയത്.