
ചാലക്കുടി: അധികൃതരുടെ കാര്യക്ഷമമായ ഇടപെടലില്ലാത്തതിനാൽ, കോടശേരിയിലെ ചന്ദനക്കുന്നിൽ നൂറ് കണക്കിന് കുടുംബങ്ങൾ തീരാ ദുരിതത്തിൽ. ഉരുൾപ്പൊട്ടൽ ഭീഷണി നിലനിൽക്കുന്ന മേട്ടിപ്പാടം വാർഡിലെ ഭൂരിഭാഗം സ്ഥലങ്ങളിലും നിർമ്മാണ പ്രവർത്തനം വിലക്കിയ സർക്കാർ നടപടിയാണ് 80 ശതമാനത്തോളം കുടുംബങ്ങൾക്ക് വിനയായത്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 2018ലെ പ്രളയത്തിന് ശേഷം ഇവിടെ ദുരന്ത സാദ്ധ്യതാ പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. അതിനാൽ ലൈഫ് പദ്ധതിയിൽ നിന്നും ഫണ്ട് അനുവദിച്ചിട്ടും വീട് നിർമ്മിക്കാൻ കഴിയാതെ പല കുടുംബങ്ങളും ചന്ദനക്കുന്നിൽ നട്ടം തിരിയുകയാണ്. കാലപ്പഴത്തിൽ വീടുകൾ പുതുക്കി നിർമ്മിക്കാനുമാകുന്നില്ല. ദുരിത പ്രദേശം കണ്ടെത്തിയത് കൃത്യമായ പഠനം ഇല്ലാതെയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
കോടശേരി മലയിലായിരുന്നു അന്ന് ഉരുൾപ്പൊട്ടിയത്. ഇതിന്റെ താഴെ മേട്ടിപ്പാടത്തെ 5 വീടുകൾക്കും നാശമുണ്ടായി. ഇതോടെ ഏർപ്പെടുത്തിയ നിർമ്മാണ വിലക്ക് ഇന്നും തുടരുന്നു. കാലവർഷ ഭീഷണിയെ മുൻനിർത്തി തുടർ വർഷങ്ങളിൽ ഇവിടുത്തെ മുപ്പതോളം കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിക്കാറുണ്ട്. എന്നാൽ കോടശേരി മലയുമായി ബന്ധമില്ലാത്ത ചന്ദനക്കുന്നും ദുരന്ത മേഖലയായത് എങ്ങനെയെന്ന് ആർക്കും നിശ്ചയമില്ല. മേട്ടിപ്പാടം എന്ന വാർഡിന്റെ പേര് മാത്രമാണ് വിനയായതെന്നാണ് ഇവരുടെ ആക്ഷേപം.
ദുരന്ത മേഖല ശാസ്ത്രീയമായി കണ്ടെത്തിയാൽ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രണങ്ങളിൽ നിന്നും മോചിതമാകുമെന്നാണ് ഇവരുടെ വിശ്വാസം. ഉരുൾപ്പൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ പുനരധിവസിപ്പിക്കുകയും വേണം. എന്നാൽ ഇതിനുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ല. എല്ലാ മഴ സമയത്തും റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ് മാത്രം കൃത്യമായെത്തും. ഇതെല്ലാം കൂടിയായപ്പോൾ മേട്ടിപ്പാടവും, ചന്ദനക്കുന്നുമെല്ലാം പുറത്തുള്ളവർക്ക് ദുരന്ത പ്രദേശമായി മാറുകയാണ്.
2018 ലെ പ്രളയം 
കോടശേരി മലയിലെ മേട്ടിപ്പാടത്ത് ഉരുൾപ്പൊട്ടിയത് 2 ഇടത്ത്.
5 വീടുകൾ ഭാഗികമായി തകർന്നു
എല്ലാ മഴക്കാലത്തും ക്യാമ്പിലേക്ക് മാറ്റുന്നത് 30ഓളം കുടുംബങ്ങളെ.
നിലച്ചത് വീടു കൈമാറ്റവും നിർമ്മാണ പ്രവർത്തനങ്ങളും