മാള: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഐരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് കൊടികയറി. തെക്കേടത്ത്, വടക്കേടത്ത് ക്ഷേത്രങ്ങളിൽ കൊടിയേറ്റം നടന്നു. തെക്കേടത്ത് ക്ഷേത്രത്തിൽ തന്ത്രി താമരശ്ശേരി മേക്കാട്ട് ശ്രീജിത്ത് നമ്പൂതിരിയും, വടക്കേടത്ത് ക്ഷേത്രത്തിൽ അമ്പഴക്കാട്ട് മേക്കാട്ട് രാമൻ നമ്പൂതിരിയും കൊടിയേറ്റം നിർവഹിച്ചു. 15ന് തെക്കേടത്തും 18ന് വടക്കേടത്തും ക്ഷേത്രത്തിൽ ഉത്സവബലി നടക്കും. 16ന് കാർത്തിക ആഘോഷത്തിന്റെ ഭാഗമായി പത്ത് ആനകളെ അണിനിരത്തി ശീവേലിയും കാഴ്ച ശീവേലിയും നടക്കും. തുടർന്ന് കാർത്തിക ദീപക്കാഴ്ച തെളിക്കും. 20ന് രാവിലെ കൊടിയിറക്കത്തിന് ശേഷം ആറാട്ടെഴുന്നള്ളിപ്പും ആറാട്ടും നടക്കും.